ചേകാടി-കുറുവ റോഡിൽ വാഹനത്തിനുനേരേ കാട്ടാന ആക്രമണം
1490786
Sunday, December 29, 2024 5:36 AM IST
പുൽപ്പള്ളി: ചേകാടി-കുറുവ റോഡിൽ സഞ്ചാരികളുടെ വാഹനത്തിനുനേരേ കാട്ടാന ആക്രമണം. ഇന്നലെ രാവിലെ 9.30 ഓടെ ചേകാടി പന്നിക്കലിലാണ് സംഭവം. സഞ്ചാരികൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. കുറുവ ദ്വീപ് സന്ദർശനത്തിനെത്തിയ കല്ലൂർ സ്വദേശികളും ബംഗളൂരുവിൽനിന്നെത്തിയ ബന്ധുക്കളും സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരേയായിരുന്നു ആനയുടെ ആക്രമണം. പിന്നിൽ വന്ന ഇന്നോവയുടെ ബോണറ്റിൽ ആന ഇടിച്ചു.
കാർ കുത്തിമറിക്കാൻ ശ്രമിക്കുന്നതിനിടെ മുന്നിൽപോയ വാഹനം ഹോണടിച്ച് പിറകിലേക്കുവന്നു. അപ്പോൾആന അതിനു നേരേ തിരിഞ്ഞു. ഈ സമയം എതിർദിശയിൽ നിന്നെത്തിയ വാഹനങ്ങൾ ഹോണ്‍ മുഴക്കിയപ്പോഴാണ് ആന പിന്തിരിഞ്ഞത്. സ്ത്രീകളും കുട്ടികളുമടക്കം ആറു പേരാണ് ആന ആക്രമിച്ച കാറിൽ ഉണ്ടായിരുന്നത്. ഇവർ കുറുവ ദ്വീപ് സന്ദർശനം ഒഴിവാക്കി തിരിച്ചുപോയി.