വയനാടിനെ കലാലഹരിയിലാക്കിയ സർഗോത്സവത്തിന് തിരശ്ശീല വീണു
1491031
Monday, December 30, 2024 6:10 AM IST
മാനന്തവാടി: വയനാടിനെ മൂന്ന് നാളുകളിലായി കലാ ലഹരിയിലാക്കി സർഗോത്സവം സംസ്ഥാനതല മത്സരങ്ങൾക്ക് തിരശീല വീണു. മാനന്തവാടി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ 27 ന് ആരംഭിച്ച കലാമത്സരങ്ങളാണ് ഇന്നലെ സമാപിച്ചത്. ഗദ്ദിക, തുടി, കനലി, പഞ്ചിത്താള്, പനച്ചകം തുടങ്ങി അഞ്ച് വേദികളിലായി കഴിഞ്ഞ മൂന്ന് ദിനരാത്രങ്ങളിലായാണ് സർഗോത്സവം അരങ്ങേറിയത്.
മൂന്ന് വർഷങ്ങൾക്ക് ശേഷം അരങ്ങുണർന്ന സർഗോത്സവ വേദികളിലെ കലാ പ്രകടനങ്ങൾ മികച്ച ആവേശവും ഉണർവുമാണ് നൽകിയത്.
അന്യമാവുന്ന ഗോത്ര കലാരൂപങ്ങൾ വേദികളിൽ നിറഞ്ഞാടിയപ്പോൾ മികച്ച ആസ്വാദകരും പൊതുജന പങ്കാളിത്തവുമുണ്ടായി. പരന്പരാഗത നൃത്ത രൂപങ്ങൾ, പരന്പരാഗത ഗാന മത്സരങ്ങൾ വേദികളിലരങ്ങ് തകർത്തപ്പോൾ കാണികളിൽ പലർക്കും മണ്മറഞ്ഞ സംസ്കൃതിയുടെ പുനരാവിഷ്കാരമായി. അന്യമാവുന്ന കലാരൂപങ്ങൾ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യമായി.
സീനിയർ വിദ്യാർഥികളുടെ നാടോടി നൃത്തങ്ങളും തനത് കലാരൂപങ്ങളുടെ തനിമ ചോർന്നു പോകാതെയുള്ള ആവിഷ്കാരത്തിൽ വിദ്യാർഥികൾ മുന്നിട്ടുനിന്നു. കലാവതരണ സാഹചര്യങ്ങൾക്ക് അനുകൂലമായി സംഘനൃത്ത ശൈലിയും അവതരണവും ചിട്ടപ്പെടുത്തിയതിൽ പരിശീലകർ മികവുപുലർത്തി. അതിദ്രുത താളമേളങ്ങളോടെയുള്ള പാട്ടുകളും നൃത്ത രൂപങ്ങളും വീക്ഷിക്കാൻ നിറഞ്ഞ സദസാണ് മാനന്തവാടി സ്കൂളിൽ എത്തിയത്. ജൂണിയർ, സീനിയർ വിഭാഗങ്ങളിലായുള്ള ലളിതഗാനം, ഉപന്യാസം, മലയാളം പ്രസംഗം, കഥാരചന, മിമിക്രി, മോണോ ആക്ട് എന്നിവയും മികച്ച നിലവാരം പുലർത്തി. കാലിക പ്രസക്തിയുള്ള വിഷയാവതരണവുമായി എത്തിയ നാടകങ്ങളും മികവുറ്റതായിരുന്നു. സർഗോത്സവ നഗരിയിലെ കലാ മത്സരങ്ങൾക്ക് പൊതുജന പങ്കാളിത്തവും ലഭിച്ചു.