ഡിസിസി ട്രഷററുടെയും മകന്റെയും മരണത്തിൽ വിവാദം കനക്കുന്നു
1491030
Monday, December 30, 2024 6:10 AM IST
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും മരണത്തിൽ വിവാദം കനക്കുന്നു. സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണന്റെ രാജി ആവശ്യം സിപിഎം ശക്തമാക്കി.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബത്തേരിയിലെ എംഎൽഎ ഓഫീസിലേക്ക് സിപിഎം ഇന്ന് മാർച്ച് നടത്തും. അതേസമയം അടിസ്ഥാനരഹിതമായ ആരോപണവും വ്യാജരേഖയും തനിക്കെതിരേ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് ഇന്ന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുമെന്ന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു.
സാന്പത്തിക ഇടപാടുകൾ സംബന്ധിച്ച ആരോപണങ്ങളും പോലീസ് അന്വേഷിക്കും. തെളിവുകൾ ലഭിച്ചാൽ ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. സുൽത്താൻ ബത്തേരി പോലീസാണ് എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യ അന്വേഷിക്കുന്നത്. അർബൻ ബാങ്ക് നിയമന തട്ടിപ്പുമായി ഇരുവരുടേയും മരണത്തിന് ബന്ധമുണ്ടെന്നാണ് സിപിഎമ്മിന്റെ ആരോപണം.
നിയമനം ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നാണ് എംഎൽഎയുടെ വിശദീകരണം. എൻ.എം. വിജയന്റെ ഫോണ് കോൾ രേഖകൾ അടക്കം പരിശോധിക്കണമെന്നും ആത്മഹത്യയുടെ കാരണം കണ്ടെത്തണമെന്നും ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. താൻ ഡിസിസി പ്രസിഡന്റായിരുന്നപ്പോൾ ഉയർന്ന നിയമന വിവാദം പാർട്ടി അന്വേഷിച്ചിരുന്നു. അടിസ്ഥാന രഹിതമായ പ്രചാരണമാണെന്ന് അന്ന് കണ്ടെത്തിയതാണ്. ആരോപണത്തിന് പിന്നിലുള്ള ആളുകൾക്കെതിരേ പാർട്ടി നടപടിയും എടുത്തിരുന്നു.
താൻ പണം വാങ്ങിയിട്ടുണ്ടെങ്കിൽ പരാതിക്കാർ എന്തുകൊണ്ട് ഇതുവരെ രംഗത്ത് വന്നില്ലെന്നും എംഎൽഎ ചോദിച്ചു. ഉപജാപക സംഘമാണോ എൻഎം വിജയനെ ചതിച്ചതെന്ന് അന്വേഷിക്കണം. പ്രചരിക്കുന്ന രേഖയിൽ പീറ്ററും വിജയനും തമ്മിലാണ് കരാർ. എന്തുകൊണ്ട് പീറ്റർ തന്നെ ബന്ധപ്പെട്ടില്ലെന്നും പണം കൊടുത്തവർ എന്തുകൊണ്ട് പോലീസിനെ സമീപിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രിയോടെയാണ് ഇരുവരും മരിച്ചത്. വയനാട്ടിലെ കോണ്ഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്ന എൻ.എം. വിജയൻ നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകൻ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു.