ജഡ്ജിയില്ല; വടകര എംഎസിടി നിശ്ചലമായിട്ട് നാലുമാസം
1540479
Monday, April 7, 2025 5:12 AM IST
വടകര: വടകര മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ നിശ്ചലമായിട്ട് നാലുമാസം കഴിഞ്ഞിട്ടും പുതിയ ജഡ്ജിയെ നിയമിക്കാന്‍ നടപടിയായില്ല. നിലവിലുള്ള ജഡ്ജി അന്വേഷണ വിധേയമായി സസ്പെന്‍ഷനിലാണ്.
നേരത്തെ വടകരയിലുണ്ടായിരുന്ന ജഡ്ജിയെ കോഴിക്കോട്ടേക്കും അവിടെയുള്ള അഡീഷണല്‍ ജില്ലാകോടതി ജഡ്ജിയെ വടകരക്കും മാറ്റുകയായിരുന്നു. കോഴിക്കോട്ടെ ജഡ്ജി വടകരയിലെത്തിയ ഉടനെ സസ്പെന്‍ഷനിലായതോടെയാണ് കോടതിയുടെ പ്രവര്‍ത്തനം താറുമാറായത്. നാലായിരത്തോളം കേസുകളാണ് വടകര എംഎസിടിയില്‍ വിചാരണ കാത്തു കഴിയുന്നത്. ഇതില്‍ പലതും സാരമായി പരിക്കേറ്റവരുടേതടക്കമുള്ള കേസുകളാണ്.
മരണപ്പെട്ട അപകട കേസുകളുമുണ്ട്. ചികിത്സക്കായി പണം കടം വാങ്ങിയവരും പണം കിട്ടിയിട്ട് ചികിത്സ നടത്താമെന്നു കരുതിയവരും കോടതി കയറി ഇറങ്ങുകയാണ്. ഇനി എന്ന് പുതിയ ജഡ്ജി വരുമെന്ന ചോദ്യത്തിനു മുമ്പില്‍ അധികൃതര്‍ക്ക് മറുപടിയുമില്ല.