ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാർ പെരുവഴിയിൽ
1540470
Monday, April 7, 2025 5:04 AM IST
മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ പ്രധാന അങ്ങാടിയായ മുക്കം ടൗണിൽ ഏറെ തിരക്കേറിയ അഭിലാഷ് ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു.
വർഷങ്ങൾക്ക് മുമ്പ് തന്നെ ഇവിടെ ബസ് സ്റ്റോപ്പുണ്ടായിരുന്നു. അവിടെ കാത്തു നിൽക്കാനും ബസിൽ കയറാനും യാത്രക്കാരുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ യാത്രക്കാർക്ക് കാത്തിരിക്കാനോ കാത്തു നിൽക്കാനോ ഇടമില്ലെന്നു മാത്രമല്ല ബസ് സ്റ്റോപ്പിന്റെ യാതൊരടയാളവും കാണാനില്ല. മുക്കം അങ്ങാടിയിലെ അഭിലാഷ് ജംഗ്ഷനിൽ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ മുന്നിലാണ് ഈ ദുരിതം.
അങ്ങാടിയിൽ നിന്നു പടിഞ്ഞാറു ഭാഗത്തേക്കുള്ള മൂന്നു പ്രധാന റൂട്ടുകളിൽ പോകേണ്ടവരാണ് ഇവിടെ ബസ് കയറാനെത്തുന്നവർ. സ്വകാര്യ മെഡിക്കൽ കോളജ്, ഗവ. മെഡിക്കൽ കോളജ്, എൻഐടി കുന്നമംഗലം, കോഴിക്കോടു ഭാഗത്തേക്കും ഓമശേരി, താമരശേരി, കൊയിലാണ്ടി ഭാഗത്തേക്കും തിരുവമ്പാടി, ആനക്കാംപൊയിൽ, കോടഞ്ചേരി ഭാഗത്തേക്കും പോകേണ്ടവരാണ് ഇവിടെ കാത്തിരിക്കുക.
എവിടെ കാത്തിരിക്കണം എന്ന് യാതൊരു സൂചനയുമില്ല. ഷെൽട്ടറോ, ഷെഡോ, ബോർഡോ തുടങ്ങി ഒരടയാളവും ഇവിടെയില്ല. ഇതു തന്നെയാണ് ഇവിടെ ബസുകൾ നിർത്താതെ പോകുന്നതിന്റെ കാരണവും. ഏഴര കോടി രൂപ മുടക്കി നഗരം സൗന്ദര്യവത്കരിച്ചപ്പോഴാണ് ഇവിടെ ഉണ്ടായിരുന്ന ബസ് വെയ്റ്റിംഗ് ഷെഡ് ഇല്ലാതായത്.
നടപ്പാതയടക്കം പല സൗകര്യങ്ങളും വന്നപ്പോൾ ഷെഡ് അപ്രത്യക്ഷമായി. നഗരസൗന്ദര്യവത്കരണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയിട്ട് 10 മാസമായി. അഞ്ചുകോടി രൂപയുടെ രണ്ടാംഘട്ട പ്രവൃത്തിയിൽ ഇവിടെ ഷെഡ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.