ഡിസിഎൽ ജീവിത ദർശന ക്യാമ്പ് "ശലഭോത്സവ് 2025' നാളെ മുതൽ പുതുപ്പാടിയിൽ
1540018
Sunday, April 6, 2025 5:03 AM IST
താമരശേരി: ദീപിക ബാലസഖ്യം (ഡിസിഎൽ) കോഴിക്കോട് പ്രവിശ്യ സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന ത്രിദിന ജീവിത ദർശന ക്യാമ്പ് "ശലഭോത്സവ് 2025'ന് നാളെ പുതുപ്പാടിയിൽ തുടക്കമാകും.
മദർ തെരേസ ട്രെയിനിംഗ് സെന്ററിൽ നടക്കുന്ന ക്യാമ്പ് താമരശേരി രൂപത ചാൻസലർ ഫാ. സുബിൻ കവളക്കാട്ട് ഉദ്ഘാടനം ചെയ്യും. ദീപിക കോഴിക്കോട് യൂണിറ്റ് റെസിഡന്റ് മാനേജർ ഫാ. ഷെറിൻ പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിക്കും.
ഡിസിഎൽ പ്രവിശ്യ കോർഡിനേറ്റർ ഫാ. സായി പാറൻകുളങ്ങര ആമുഖ പ്രഭാഷണം നടത്തും. ജില്ലയിലെ വിവിധ സ്കൂളുകളിൽ അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന 100 വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്, ഗോൾ സെറ്റിംഗ്, കമ്മ്യൂണിക്കേഷൻ സ്കിൽസ്, ലീഡർഷിപ്പ്, ടീം ബിൽഡിംഗ്, ടൈം മാനേജ്മെന്റ്, സ്ട്രെസ് മാനേജ്മെന്റ്, ഹെൽത്തി റിലേഷൻഷിപ്പ്, പബ്ലിക് സ്പീക്കിംഗ് തുടങ്ങിയ വിഷയങ്ങളിൽ പ്രശസ്ത ട്രെയിനർമാർ ക്ലാസുകൾ നയിക്കും.
രസകരമായ ആക്ടിവിറ്റീസ്, ഉല്ലാസപ്രദമായ ഗെയിംസ്, വിഞ്ജാനപ്രദമായ ഡിസ്കക്ഷൻ എന്നിവയിലൂന്നിയ സെക്ഷനുകളാണ് ഇത്തവണത്തെ പ്രത്യേകത. ഫേസ് ടു ഫേസ്, ഫീൽഡ് വിസിറ്റ്, കാൻഡിൽ ഡിന്നർ, ടാലന്റ് ഷോ, ക്യാമ്പ് ഫയർ പ്രോഗ്രാമുകൾ വിദ്യാർഥികൾക്ക് പുത്തൻ അനുഭവം സമ്മാനിക്കും.
മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് ക്യാമ്പിൽ പ്രവേശനം. പങ്കെടുക്കുന്നവർ ഏഴിന് രാവിലെ ഒന്പതിനുള്ളിൽ സെന്ററിൽ എത്തിച്ചേരണം. താമരശേരി- അടിവാരം റോഡിൽ പുതുപ്പാടി സെന്റ് ജോർജ് കാത്തലിക്ക് പള്ളിക്ക് സമീപമാണ് ക്യാമ്പ് നടക്കുന്ന മദർ തെരേസ സെന്റർ. ഫോൺ: 8547689908.