കുളത്തുവയൽ തീർത്ഥാടനം 11ന്
1540007
Sunday, April 6, 2025 4:55 AM IST
കുളത്തുവയൽ: നാൽപ്പതാം വെള്ളി ആചരണത്തോടനുബന്ധിച്ച് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ നടക്കുന്ന എട്ടാമത് കുളത്തുവയൽ തീർത്ഥാടനം 11ന് നടക്കും.
താമരശേരി മേരീമാതാ കത്തീഡ്രൽ പള്ളിയില്‍ പത്തിന് രാത്രി പത്തിന് ആരംഭിക്കുന്ന തീർത്ഥാടനം കുരിശിന്റെ വഴിയും ജപമാലയും തുടര്‍ച്ചയായി ചൊല്ലിക്കൊണ്ട് 35 കിലോമീറ്റര്‍ കാല്‍നടയായി താമരശേരി അല്‍ഫോന്‍സാ സ്കൂള്‍, കട്ടിപ്പാറ,തലയാട്, കല്ലാനോട്, കൂരാച്ചുണ്ട് എന്നീ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് 11ന് രാവിലെ 7.30ന് കുളത്തുവയല്‍ സെന്റ് ജോർജ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേരും.
വിലങ്ങാട് നിന്നുള്ള തീർത്ഥാടക സംഘം പുലർച്ചെ 4.30 ന് മരുതോങ്കരയിലെത്തി ചെമ്പനോട, പെരുവണ്ണാമൂഴി, ചക്കിട്ടപാറ വഴി 7.30ന് കുളത്തുവയലിൽ എത്തിച്ചേരും.
തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ കാർമികത്വം വഹിക്കും. മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ മൈനർ സെമിനാരി പ്രഫസർ ഫാ. ജേക്കബ് അരീത്തറ വചന സന്ദേശം നൽകും. വൈദീകരും, സന്യസ്തരും അടങ്ങുന്ന ആയിരകണക്കിന് വിശ്വാസികൾ തീര്‍ത്ഥാടനത്തിൽ പങ്കുചേരും.