ചോറോട് മിനി എംസിഎഫ് തീവച്ചു നശിപ്പിച്ചു
1540475
Monday, April 7, 2025 5:04 AM IST
വടകര: ചോറോട് പഞ്ചായത്ത് പത്തൊമ്പതാം വാര്‍ഡ് സ്റ്റേഡിയം ഗ്രൗണ്ടില്‍ സ്ഥാപിച്ച മിനി എംസിഎഫ് ശനിയാഴ്ച രാത്രി സാമൂഹ്യവിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചു. നിരവധി കുടുംബങ്ങള്‍ക്ക് പ്ലാസ്റ്റിക്ക് കത്തിയതിനാൽ ആരോഗ്യപ്രശ്നമുണ്ടായി. പ്രദേശവാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്സ് സംഘമെത്തി തീയണച്ചു.
വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി. പഞ്ചായത്തിന്റെ അധീനതയിലുള്ള സ്റ്റേഡിയത്തില്‍ രാത്രികാലങ്ങളില്‍ ദൂരെ നിന്നെത്തുന്ന സംഘം മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് പരാതി ഉയര്‍ന്നു.
മിനി എംസിഎഫ് കത്തിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും പരിസരവാസികളുടെ സമാധാന ജീവിതം ഉറപ്പുവരുത്തണമെന്നും പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ജാഗ്രത സമിതിയുടെ ചെയര്‍മാനും പഞ്ചായത്ത് മെമ്പറുമായ കെ.കെ. റിനീഷ് ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരന് സ്ഥലം സന്ദര്‍ശിച്ചു.