ഇരുന്നലാട്കുന്ന് ഖനനം: ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന്
1540474
Monday, April 7, 2025 5:04 AM IST
നാദാപുരം: ചെക്യാട് ഇരുന്നലാട്കുന്നിലെ ഖനനം സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു. ഖനനത്തിന് അനുമതി നൽകുമ്പോഴുള്ള ചട്ടങ്ങൾ പാലിച്ചോ എന്ന് ജില്ലാ ഭരണകൂടം പരിശോധിക്കണം. ഖനനത്തിന് അനുമതി നൽകിയതിൽ നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെങ്കിൽ ഇതിൽ അന്വേഷണം നടത്തണം.
ജില്ലാ ഭരണകൂടം സ്ഥലം സന്ദർശിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ന്യായമാണ്. ജില്ലാ കളക്ടർ ഉൾപ്പെടെ സംഭവസ്ഥലം സന്ദർശിച്ച് നിജസ്ഥിതി പഠിക്കണം. ഇത് കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഇന്നലെയാണ് ഷാഫി പറമ്പിൽ എംപി ഇരുന്നലാട്കുന്ന് സന്ദർശിച്ചത്.
എംപി വരുന്നതറിഞ്ഞ് മഴയത്ത് നിരവധി പേർ പ്രദേശത്ത് തടിച്ചുകൂടിയിരുന്നു. നാട്ടുകാർ തങ്ങളുടെ ആശങ്ക എംപിയുമായി പങ്കുവെച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ്, രവീഷ് വളയം, സി.എച്ച്. ഹമീദ്, പി. ദാമോദരൻ, കെ.പി. നാണു, പി.കെ. ശങ്കരൻ, അഹമ്മദ് കുറുവയിൽ എന്നിവർ എംപിയോടൊപ്പമുണ്ടായിരുന്നു.