ഉത്തരവാദിത്വ ടൂറിസം: പ്രകൃതിയും ജീവിതവും അറിഞ്ഞ് വനിതാ വിനോദയാത്ര
1540473
Monday, April 7, 2025 5:04 AM IST
കോഴിക്കോട്: ബേപ്പൂര്‍ സംയോജിത ഉത്തരവാദിത്വ ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി കേരള ഉത്തരവാദിത്വ ടൂറിസം മിഷന് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ വിനോദയാത്ര സംഘടിപ്പിച്ചു.
മാനാഞ്ചിറയില്‍ നിന്ന് ആരംഭിച്ച വിനോദ യാത്ര കേരള ഉത്തരവാദിത്വ ടൂറിസം മിഷന് സൊസൈറ്റി സിഇഒ കെ. രൂപേഷ് കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ കോഓർഡിനേറ്റര്‍ ശ്രീകല ലക്ഷ്മി, വനിതാ ടൂര്‍ സംഘാംഗങ്ങള്‍, മറ്റ് ക്ഷണിതാക്കളും പരിപാടിയില്‍ പങ്കെടുത്തു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍, വനിതാ ടൂര്‍ ഓപറേറ്റര്‍മാര്‍, വ്ലോഗര്‍മാര്‍, ബ്ലോഗർമാർ, എഴുത്തുകാര്‍ എന്നിവരടങ്ങുന്ന 15 അംഗ സംഘമാണ് യാത്രയുടെ ഭാഗമായത്.
കടലുണ്ടി കണ്ടൽ കാടിനുള്ളിലൂടെയുള്ള ബോട്ടിംഗ്, ഗ്രാമജീവിത അനുഭവങ്ങള്‍, ചരിത്ര- ജല ഗതാഗത ടൂറിസം, ചാലിയം, ബേപ്പൂര്‍ ബീച്ചുകള്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലേക്കുള്ള സമ്പന്നമായ അനുഭവങ്ങള്‍ ഈ യാത്ര നല്‍കിയതായി സഞ്ചാരികൾ പറഞ്ഞു.
സുസ്ഥിര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ സഞ്ചാര സംരംഭങ്ങള്‍ ശക്തിപ്പെടുത്താനാണ് കേരള ഉത്തരവാദിത്വ ടൂറിസം മിഷന് ബേപ്പൂര്‍ സംയോജിത ഉത്തരവാദിത്വ ടൂറിസം വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.