പുതുതലമുറയെ രൂപപ്പെടുത്തുന്നതിൽ അധ്യാപകരുടെ പങ്ക് വലുത്: ബിഷപ്
1512708
Monday, February 10, 2025 4:26 AM IST
തിരുവമ്പാടി: നിരന്തരം മാറുന്ന സമൂഹത്തിൽ മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കുന്നതിൽ അധ്യാപകരുടെ സ്ഥാനം വളരെ വലുതാണെന്ന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. പുല്ലൂരാംപാറ ബഥാനിയായിൽ നടന്ന താമരശേരി രൂപതയുടെ കീഴിലുള്ള സ്കൂളുകളിലെ ജീവനക്കാരുടെ സംഗമവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധ്യാപക സംഗമത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സെമിനാറിൽ "സമകാലിക ലോകത്ത് അധ്യാപകരുടെ സ്ഥാനം' എന്ന വിഷയത്തിൽ വി.കെ. സുരേഷ് ബാബു ക്ലാസെടുത്തു. ഈ അധ്യയന വർഷം വിരമിക്കുന്ന 44 ജീവനക്കാർക്കും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച അധ്യാപകർക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു. കോർപറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് അധ്യക്ഷനായിരുന്നു.
ചടങ്ങിൽ ഫാ. സെബാസ്റ്റ്യൻ പുളിക്കൽ, ജോളി ജോസഫ്, സിബി കുര്യാക്കോസ്, പി.എം. മാത്യു, നിധി ജോൺ, സുസ്മി മേരി ജോസ്, അനുപമ നെൽസൺ വിരമിക്കുന്നവരുടെ പ്രതിനിധികളായി കെ.ജെ. ആന്റണി, സി. ആൻസി, കെ.യു. ജെസി, കെ.കെ. ബെന്നി എന്നിവർ പ്രസംഗിച്ചു.