ടാഗോര്‍ ഹാള്‍ നവീകരണം : 65 കോടിയുടെ നിർമാണം വൈകില്ലെന്ന് മേയര്‍
1512707
Monday, February 10, 2025 4:26 AM IST
കോഴിക്കോട്: 65 കോടി രൂപ ചിലവില്‍ നടക്കുന്ന ടാഗോര്‍ ഹാളിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ വൈകാതെ ആരംഭിക്കുമെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്. നവീകരിച്ച കോഴിക്കോട് ടൗണ്‍ ഉദ്ഘാടന വേളയില്‍ അധ്യക്ഷ പ്രസംഗത്തിലാണ് മേയര്‍ ഇക്കാര്യം അറിയിച്ചത്.
2000 ആളുകള്‍ക്ക് ഇരിക്കാവുന്ന ഒരു പ്രധാന ഹാളും 400 പേരെ ഉള്‍കൊള്ളാവുന്ന മറ്റു ചെറിയ ഹാളുകളുമാണ് ഒരുക്കുന്നത്. ഇടക്കാലത്ത് ടാഗോര്‍ ഹാളില്‍ താത്കാലിക ഹാളും സജ്ജീകരിക്കുകയുണ്ടായി. സ്ഥിരം നാടക വേദി ആലോചിക്കുന്നുവെന്നും സാഹിത്യ നഗരപദവിയുടെ ആസ്ഥാനമായി നിശ്ചയിച്ച ആനക്കുളം സാംസ്കാരിക നിലയത്തിന്റെ നവീകരണ പ്രവര്‍ത്തികള്‍ അന്തിമ ഘട്ടത്തിലാണെന്നും ഉടന്‍ തുറന്നു നല്‍കുമെന്നും അവര്‍ പറഞ്ഞു.
ടൗണ്‍ഹാള്‍ ദീര്‍ഘകാലം അടച്ചിട്ടതെന്ന നിലയില്‍ നടന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും റെക്കാര്‍ഡ് വേഗത്തിലാണ് നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയതെന്നും ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ് വ്യക്തമാക്കി.
കലാകാരന്മാരുടെയും സംസ്കാരിക പ്രവര്‍ത്തകരുടെയും ഒപ്പമാണ് എന്നും നഗരസഭയെന്നും ജനകീയതയാണ് കോഴിക്കോട്ടുകാരുടെ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തെ തുടര്‍ന്ന് കോഴിക്കോട് കലാസാംസ്കാരിക സംയുക്ത വേദിയുടെ ആഭിമുഖ്യത്തില്‍ വിത്സണ് സാമുവല്‍, കെ സലാം, നിതീഷ് കാര്‍ത്തിക്, ജയദേവന്, മോഹന്‍ മുല്ലമല, നൗഷാദ് അരീക്കോട് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗാനസന്ധ്യ അരങ്ങറി.