സിപിഎം പ്രവർത്തകനെ തലക്കടിച്ച് പരിക്കേൽപ്പിച്ചു
1512713
Monday, February 10, 2025 4:26 AM IST
നാദാപുരം: അർദ്ധരാത്രിയിൽ വയൽ നികത്തുന്നത് ചോദ്യം ചെയ്ത സിപിഎം പ്രവർത്തകനെ ഇരുമ്പ് വടി കൊണ്ട് തലക്ക് അടിച്ച് പരിക്കേൽപ്പിച്ചു. സിപിഎം കുഞ്ഞല്ലൂർ സൗത്ത് ബ്രാഞ്ച് അംഗം തെക്കേടത്ത് താഴെ കുനി ബിനീഷ് (43) നാണ് ആക്രമത്തിൽ പരിക്കേറ്റത്. കുനിങ്ങാട് ടൗണിന് സമീപം കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് സംഭവം.
സ്വകാര്യ വ്യക്തി വയൽ നികത്തുന്നതിനെതിരേ അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. രാത്രി വീണ്ടും വയൽ നികത്തിയത് അറിഞ്ഞ് സ്ഥലത്തെത്തിയ ബിനീഷിനെയും സുഹൃത്തുക്കളെയും റാഷിദ്, സുബൈർ എന്നിവർ അക്രമിച്ചെന്നാണ് പരാതി. ഇരുമ്പ് വടി കൊണ്ട് തലക്ക് അടിയേറ്റ് പരിക്കേറ്റ ബിനീഷിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ സുബൈർ, റാഷിദ് എന്നിവർക്കെതിരേ നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ബിനീഷും, സിനീഷും ചേർന്ന് അക്രമിച്ചെന്നാരോപിച്ച് റാഷിദ് നൽകിയ പരാതിയിൽ മറ്റൊരു കേസും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.