അനധികൃത കയ്യേറ്റം തടയണം: കേരളാ കോൺഗ്രസ്
1512709
Monday, February 10, 2025 4:26 AM IST
തിരുവമ്പാടി: പൊന്നാങ്കയത്ത് കരിയാത്തൻപാറ സ്വകാര്യ വ്യക്തികൾ കയ്യേറി നൂറ്റാണ്ടുകൾ പഴക്കമുള്ള വൻമരങ്ങൾ മുറിച്ചു കടത്തിയിട്ടും നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടിൽ കേരളാ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റി യോഗം പ്രതിഷേധിച്ചു.മരം മുറി മൂലം വലിയ പാറകഷ്ണങ്ങൾ ഉരുണ്ട് സമീപത്തെ ജനവാസ കേന്ദ്രങ്ങളിൽ വലിയ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
സർക്കാർ പുറമ്പോക്കിൽ നടക്കുന്ന ഇത്തരം കയ്യേറ്റങ്ങൾ തടയാനും അനധികൃത മരം മുറി നടത്തിയവരുടെ പേരിൽ കേസെടുക്കാനും ബന്ധപ്പെട്ട വകുപ്പുകൾ തയാറാവണം.സമാന സ്വഭാവത്തിൽ പതങ്കയം പുഴ പുറംമ്പോക്കിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ മുറിച്ചു കടത്തിയവർക്കെതിരേ പരാതി കൊടുത്തിട്ടും നടപടി എടുക്കാൻ വില്ലേജ് അധികാരികൾ തയാറാവാത്തതിലും യോഗം പ്രതിഷേധിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് ജോണി പ്ലാക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ഏബ്രഹാം കുഴുമ്പിൽ, ഹെലൻ ഫ്രാൻസീസ്, ഷിനോയ് അടയ്ക്കാപ്പാറ, സി.ജെ. ടെന്നിസൺ, ജോർജ് മങ്ങാട്ടിൽ, ജോൺ ചാക്കോ, ജോർജ് മച്ചുകുഴി, ജെയ്സൻ മേനാക്കുഴി, ബെന്നി മണിക്കൊമ്പിൽ, സാജു പൊട്ടന്നാനി, മാത്യു കുന്നുംപുറം, ജോസ് ഞാവള്ളി, ജോസ് പാലിയത്ത് എന്നിവർ പ്രസംഗിച്ചു