സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; പ്ലസ്ടു വിദ്യാർഥിനിക്ക് ദാരുണാന്ത്യം
1512534
Sunday, February 9, 2025 10:44 PM IST
മുക്കം: സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡരികിലെ താഴ്ചയിലേക്ക് വീണുണ്ടായ അപകടത്തിൽ പ്ലസ് ടു വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൊടിയത്തൂർ കാരാട്ട് മുജീബിന്റെ മകൾ ഫാത്തിമ ജിബിൻ (18) ആണ് മരിച്ചത്. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ്.
ഇന്നലെ രാത്രി 7.15 ഓടെയാണ് സംഭവം. മാതാവ് നെജിനാബിയോടൊപ്പം കുറ്റിപ്പാലയിൽ നിന്ന് അഗസ്ത്യൻ മുഴിയിലേക്ക് മുക്കം ഹയർ സെക്കൻഡറി സ്കൂൾ റോഡ് വഴി വരുന്നതിനിടെ ഇറക്കത്തിൽ വച്ച് സ്കൂട്ടറിന്റെ നിയന്ത്രണം വിടുകയും ഇലക്ട്രിക് പോസ്റ്റിലിടിച്ച് താഴ്ചയിലേക്ക് മറിയുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സാരമായി പരിക്കേറ്റ് രക്തം വാർന്നൊഴുകിയ നിലയിലായിരുന്നു ഫാത്തിമ. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ കെഎംസിടി മെഡിക്കൽ കോളജിൽ ഫാത്തിമയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദ്യാർഥിനി സഞ്ചരിച്ച വാഹനത്തിന്റെ തൊട്ടുമുന്നിലായി പിതാവും മറ്റൊരു ബൈക്കിൽ ഉണ്ടായിരുന്നു. സഹോദരങ്ങൾ: ഫാത്തിമ റെന, റാസി (ഇരുവരും ജിഎംയുപി സ്കൂൾ കൊടിയത്തൂർ).