സ്റ്റാർസ് ഓഫ് കൂരാച്ചുണ്ട് പുരസ്കാരം പ്രഖ്യാപിച്ചു
1494370
Saturday, January 11, 2025 5:16 AM IST
കൂരാച്ചുണ്ട്: യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ "സ്റ്റാർസ് ഓഫ് കൂരാച്ചുണ്ട്-24' പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. സാഹിത്യം, സ്പോർട്സ്, കൃഷി, വിദ്യാഭ്യാസം, കല, സേവനം, ടെക്നിക്കൽ തുടങ്ങി വ്യത്യസ്ത മേഖലകളിൽ പോയ വർഷത്തിൽ മികവ് തെളിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം നിർണയിച്ചത്.
ആലപ്പുഴ ശിശുഭവന്റെ പ്രഥമ ജനസേവ മദർതെരേസ അവാർഡ് ജേതാവ് സുനിൽ ജോസ്, ദേശീയ വനിത ജൂണിയർ ഫുട്ബോൾ ടീം അംഗം ഷിൽജി ഷാജി, സംസ്ഥാന സ്കൂൾ കായിക മേളയിൽ വ്യക്തിഗത ചാമ്പ്യൻഷിപ് കരസ്ഥമാക്കിയ അൽക്ക ഷിനോജ്,
മിൽമ മലബാർ യൂണിയൻ മികച്ച ക്ഷീര കർഷക അവാർഡ് ജേതാവ് കീർത്തി റാണി, ദക്ഷിണ കേരള ഹിന്ദി മഹാസഭ പുരസ്കാര ജേതാവ് സജി എം. നരിക്കുഴി, വ്യത്യസ്ത കണ്ടുപിടിത്തങ്ങളിലൂടെ ശ്രദ്ധേയനായ യുവ ശാസ്ത്രജ്ഞൻ ജോബിൻ അഗസ്റ്റിൻ, ഈ വർഷത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ റണ്ണേഴ്സ് കിരീടം നേടിയ കേരള ടീം അംഗം അർജുൻ ബാലകൃഷ്ണൻ എന്നിവരാണ് പുരസ്കാര ജേതാക്കൾ.
26ന് കൂരാച്ചുണ്ടിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് റിപ്പബ്ലിക് ദിന സദസിൽ ഉപഹാര സമർപ്പണം നടത്തുമെന്ന് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അറിയിച്ചു.