‘സിഗ്നലിൽ വാഹനം നിർത്തുമ്പോഴുള്ള വാണിഭവും യാചനയും തടയണം’
1494369
Saturday, January 11, 2025 5:16 AM IST
കോഴിക്കോട് : ട്രാഫിക് സിഗ്നലുകളിൽ വാഹനങ്ങൾ കാത്തുനിൽക്കുമ്പോൾ വാഹനങ്ങൾക്കിടയിലൂടെ നടന്ന് വഴി വാണിഭവും യാചനയും നടത്തുന്നവർക്കെതിരേ ട്രാൻസ്പോർട്ട് കമ്മീഷണർ സംസ്ഥാന വ്യാപകമായി ശക്തമായ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ആവശ്യമെങ്കിൽ പോലീസ് സഹായം തേടണമെന്നും കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജൂനാഥ് നിർദേശം നൽകി. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥതലത്തിൽ സർക്കുലർ ഇറക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ഇതര സംസ്ഥാനക്കാർ ഇത്തരത്തിൽ നഗ്നമായ നിയമലംഘനം നടത്തുന്നത് നഗരങ്ങളിൽ നിത്യ കാഴ്ചയാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. കോഴിക്കോട് നഗരത്തിലെ പ്രധാന പോയിന്റുകളിൽ നടത്തിയ പരിശോധനയിൽ വഴി വാണിഭവും യാചനയും നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ജോ. ട്രാൻസ്പോർട്ട് കമ്മീഷണർ കമ്മീഷനെ അറിയിച്ചു.
നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.