തിരുനാൾ കൊടിയേറി
1494365
Saturday, January 11, 2025 5:16 AM IST
മുക്കം തിരുഹൃദയ പള്ളി
കോഴിക്കോട്: മുക്കം തിരുഹൃദയ പള്ളിയിൽ ഈശോയുടെ പരിശുദ്ധ തിരുഹൃദയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷത്തിന് തുടക്കം കുറിച്ച് വികാരി ഫാ. ജോൺ ഉറവുംകര കൊടി ഉയർത്തി. തുടർന്ന് മുക്കം മാമ്പറ്റ ഡോൺബോസ്കോ ഡയറക്ടർ ഫാ. മാർട്ടിൻ മാണിക്കനാംപറമ്പിലിന്റെ കാർമികത്വത്തിൽ ദിവ്യ ബലി അർപ്പിച്ചു.
ഇന്ന് വൈകുന്നേരം അഞ്ചിന് താമരശേരി അൽഫോൻസാ മൈനർ സെമിനാരി റെക്ടർ ഫാ. കുര്യൻ താന്നിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും മുക്കം പള്ളോട്ടി ഹിൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. വിപിൻ ആഗസ്തിയുടെ കർമികത്വത്തിൽ ലദീഞ്ഞും, മുക്കം ടൗണിലേക്ക് പ്രദിക്ഷണവും തുടർന്ന് വാദ്യ മേളങ്ങളും ഉണ്ടായിരിക്കും.
നാളെ രാവിലെ ഏഴിനു വിശുദ്ധ കുർബാന, 10ന് താമരശേരി മതബോധന ഡയറക്ടർ ഫാ. രാജേഷ് പള്ളിക്കാവയലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ വിശുദ്ധ കുർബാന, ലദീഞ്ഞ്, പ്രദിക്ഷണം, വൈകുന്നേരം 6.30 ന് മുക്കം തിരുഹൃദയ കലാവേദി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും സാമൂഹ്യ നാടകം -"ഒരു കൊയ്ത്ത് കാലത്തിന്റെ ഓർമക്ക്' അരങ്ങേറും.
13ന് രാവിലെ ഇടവകയിൽ നിന്ന് മരിച്ചുപോയവരുടെ ഓർമക്ക് വിശുദ്ധ കുർബാന, ഒപ്പീസ്, 8.30 ന് കൊടിയിറക്കം.
മഞ്ഞക്കടവ് സെന്റ് മേരീസ് പള്ളി
കൂടരഞ്ഞി: മഞ്ഞക്കടവ് സെന്റ് മേരീസ് പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവത്തിന് വികാരി ഫാ. ജോജോ ജോസഫ് ഇടക്കാട്ടിൽ കൊടി ഉയർത്തി തുടക്കം കുറിച്ചു.
ഇന്ന് ആഘോഷമായ തിരുനാൾ കുർബാനയും സന്ദേശവും 12ന് തിരുനാൾ കുർബാനയും വചന സന്ദേശവും ഉണ്ടാകും. ഭക്തിനിർഭരമായ തിരുകർമങ്ങൾ, വചനപ്രഘോഷണങ്ങൾ, വിശ്വാസപ്രഘോഷണ പ്രദക്ഷിണം, വാദ്യമേളങ്ങൾ, ദീപാലങ്കാരങ്ങൾ, ആകാശ വിസ്മയം എന്നിവയും നടക്കും.
കാറ്റുള്ളമല പള്ളി
കൂരാച്ചുണ്ട്: കാറ്റുള്ളമല സെന്റ് മേരീസ് പള്ളിയിലെ ഇടവക തിരുനാളിന് വികാരി ഫാ. ജോർജ് കുറ്റിക്കാട്ട് കൊടിയേറ്റി. തുടർന്ന് സെമിത്തേരി സന്ദർശനം, വിശുദ്ധ കുർബാന, വചന സന്ദേശം എന്നിവയ്ക്ക് ഫാ. ജോർജ് വെള്ളാരംകാലായിൽ കാർമികത്വം വഹിച്ചു.
ഇന്ന് വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ് എന്നിവയുണ്ടാകും. ഫാ. ജിതിൻ അമ്പലതുരുത്തേൽ കാർമികനാകും. 6.45ന് കലാസന്ധ്യ.
നാളെ രാവിലെ 6.45ന് വിശുദ്ധ കുർബാന, വൈകുന്നേരം 5.30ന് ആഘോഷമായ തിരുനാൾ കുർബാന, ലദീഞ്ഞ്, പ്രദക്ഷിണം, സമാപന ആശീർവാദം. കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ കാർമികത്വം വഹിക്കും. തുടർന്ന് വാദ്യമേളങ്ങൾ.
ഈങ്ങാപ്പുഴ സെന്റ് വിൻസെന്റ് പള്ളി<
താമരശേരി: ഈങ്ങാപ്പുഴ സെന്റ് വിൻസെന്റ് ഇടവക പള്ളിയിൽ വിശുദ്ധ വിൻസെന്റ് ഡി പോളിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. ജെയിംസ് കല്ലുങ്കൽ കൊടിയേറ്റ് കർമം നിർവഹിച്ചു. തുടർന്ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയും നടന്നു. ഇന്ന് രാവിലെ ഇടവകയിലെ എല്ലാ വീടുകളിലേക്കും ആഘോഷമായ അമ്പ് പ്രദക്ഷിണം നടത്തും.
വൈകുന്നേരം അഞ്ചിന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പുരയിടത്തിന്റെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന നടക്കും. തുടർന്ന് ഈങ്ങാപ്പുഴ അങ്ങാടിയിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിലേക്ക് പ്രദക്ഷിണവും മഞ്ഞുവയൽ കാൽവരി ആശ്രമം സുപ്പീരിയർ ഫാ. മരിയദാസ് വചനസന്ദശവും നൽകും.
തിരിച്ച് പള്ളിയിലെത്തി വാദ്യമേളങ്ങളും ആകാശ വിസ്മയവും നടക്കും. 12ന് രാവിലെ 10ന് ഫാ. ജോർജ് തലച്ചിറ (ലിസ കോളജ് കൈതപ്പൊയിൽ) യുടെ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, നാഷണൽ ഹൈവേയിലേക്ക് പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്.