സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രവൃത്തി അന്തിമഘട്ടത്തിൽ
1494361
Saturday, January 11, 2025 5:16 AM IST
സ്റ്റീൽ പൈപ്പ്ലൈനുകള് സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായി
കോഴിക്കോട്: സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ പാചകവാതകം ജനങ്ങളിലെത്തിക്കുന്നതിനുള്ള സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രവൃത്തി നഗരമേഖലയിൽ അന്തിമഘട്ടത്തിൽ. നഗരത്തിലേക്കുള്ള പ്രധാന സ്റ്റീൽ പൈപ്പ്ലൈനുകള് സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായി.
വീടുകളിലേക്ക് പാചകവാതക വിതരണത്തിനായുള്ള ഡിസ്ട്രിക്ട് റഗുലേറ്റിംഗ് സ്കിഡ് (ഡിആര്‍എസ്) സ്ഥാപിക്കാന്‍ ആറ് സ്ഥലങ്ങൾ കോര്‍പറേഷനില്‍നിന്ന് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് വാടകയ്ക്കെടുക്കും.
ചേവായൂര്‍ പാര്ക്കിന് സമീപം, കല്യാണ്‍ കോര്‍ട്ട് യാര്‍ഡിന് മുന്‍വശം, തളി അബ്ദുറഹ്മാന് സാഹിബ് മെമ്മോറിയല്‍ ജൂബിലി ഹാളിന് സമീപം, അന്‍സാരി പാര്ക്കിന് പിറകുവശം, ദാവൂദ് ഭായി ഖപാസി റോഡ്, ഗരുഡന് കുളം എന്നിവിടങ്ങളിലാണ് 28 ചതുരശ്ര മീറ്റര്‍ സ്ഥലം വാടകയ്ക്കെടുക്കുന്നത്.
ഇതിന് പണം അടയ്ക്കാനുള്ള ഡിമാൻഡ് നോട്ടീസ് ഈ ആഴ്ചയോടെ കോർപറേഷൻ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസിന് കൈമാറും. ഇതിനുപുറമെ കുന്നമംഗലം -അഗസ്ത്യൻമുഴി റോഡിൽ പിഡബ്ല്യുഡി റോഡ്സിൽനിന്നുള്ള സ്ഥലവും വാടകയ്ക്കെടുക്കുന്നുണ്ട്.
മാവൂര്‍ റോഡില്‍ സുരക്ഷാ വാൽവ് സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ച് വരട്ടിയാക്കൽ മുതൽ സിഡബ്ല്യുആർഡിഎം വരെയുള്ള 3.1 കിലോമീറ്ററില്‍ പൈപ്പ്ലൈൻ സ്ഥാപിക്കുകയും ചെയ്താൽ നഗരത്തിലേക്ക് ഗ്യാസ് ചാർജ് ചെയ്യും. ഇതോടെ നിലവിൽ സിലിണ്ടറുകളിൽ നിറച്ച് വാതകം എത്തിക്കുന്ന പമ്പുകൾ പൈപ്പ്ലൈൻ വഴി കണക്ട് ചെയ്യാൻ കഴിയും.
തുടർന്ന് 24 മണിക്കൂറും ഹൈ പ്രഷർ ഗ്യാസ് പമ്പുകളിൽ ഉറപ്പാക്കാം. കോർപറേഷന് ഒപ്പം കുന്നമംഗലം, ചാത്തമംഗലം, പെരുവയൽ പഞ്ചായത്തുകളിലും പൈപ്പ്ലൈൻ വഴിയുള്ള പാചകവാതക വിതരണം ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം.
നിലവിൽ ഉണ്ണികുളം, പനങ്ങാട്, ബാലുശേരി, നന്മണ്ട, നരിക്കുനി, കിഴക്കോത്ത്, കാക്കൂർ പഞ്ചായത്തുകളിലായി അയ്യായിരത്തോളം വീടുകളിലേക്ക് പാചക വാതക വിതരണം ആരംഭിച്ചു.