കെസിബിസി പുനരധിവാസ ഭവനപദ്ധതി ഉദ്ഘാടനം 20ന്
1487998
Wednesday, December 18, 2024 5:22 AM IST
വിലങ്ങാട്: വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ കേരള കത്തോലിക്ക മെത്രാന് സമിതി (കെസിബിസി) നടപ്പിലാക്കുന്ന ഭവന നിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനം 20 വൈകുന്നേരം അഞ്ചിന് വിലങ്ങാട് കെസിബിസി ചെയര്മാന് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്ക ബാവ നിര്‍വഹിക്കും. കോഴിക്കോട് ബിഷപ്പും കെആര്‍എല്‍സിബിസി പ്രസിഡന്റുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും.
കെസിബിസി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല അനുഗ്രഹ പ്രഭാഷണവും താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആമുഖപ്രഭാഷണവും നടത്തും. കോഴിക്കോട് ദേവഗിരി ഇടവകയാണ് ആദ്യത്തെ വീട് നിര്‍മിച്ചുനല്‍കുന്നത്.
ഷാഫി പറമ്പില്‍ എംപി, ഇ.കെ. വിജയന് എംഎല്‍എ, വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.
വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി കെസിബിസിയുടെ നേതൃത്വത്തില്‍ വിവിധ പ്രോജക്ടുകള്‍ നടപ്പിലാക്കി വരുന്നതായി കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം വയലില്‍, സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര എന്നിവര്‍ അറിയിച്ചു.
പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ : ദുരന്തബാധിതർക്ക് ഭവനദാന പദ്ധതി ഉദ്ഘാടനം 19ന്
സുൽത്താൻ ബത്തേരി: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ കേരള കത്തോലിക്ക മെത്രാൻ സമിതി(കെസിബിസി)യും ബത്തേരി രൂപതയുടെ ’എല്ലാവർക്കും ഭൂമി എല്ലാവർക്കും ഭവനം’ എന്ന പദ്ധതിയോട് ചേർന്ന് നടപ്പാക്കുന്ന ഭവന നിർമാണ പദ്ധതിയുടെ ഉദ്ഘാടനവും 19ന് വൈകുന്നേരം 5.30ന് ബത്തേരി സെന്റ് ജോസഫ്സ് ഓഡിറ്റോറിയത്തിൽ കെസിബിസി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ നിർവഹിക്കും. ബത്തേരി ബിഷപ്പും സിബിസിഐ വൈസ് പ്രസിഡന്റുമായ ഡോ. ജോസഫ് മാർ തോമസ് അധ്യക്ഷത വഹിക്കും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യസന്ദേശം നൽകും.
ജെപിഡി കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കൽ, ജെപിഡി കമ്മീഷൻ ജോയിൻ സെക്രട്ടറി ഫാ. ജോർജ് വെട്ടിക്കാട്ടിൽ, ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ, എംസിഎംഎഫ് ഡയറക്ടർ ഫാ. ജോണ്‍ ചെരുവിള, മാതൃവേദി പ്രസിഡന്റ് എലിസബത്ത് ജോർജ്, എംസിവൈഎം പ്രസിഡന്റ് എബി ഏബ്രഹാം എന്നിവർ പങ്കെടുക്കും.
മുണ്ടക്കൈ, ചൂരൽമല ദുരന്ത മേഖലയിലെ ആളുകളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി നിർമിക്കുന്ന 13 വീടുകളിൽ മൂന്ന് വീടുകളുടെ ശിലാസ്ഥാപന കർമം വ്യത്യസ്ത മതസ്ഥരായ മൂന്ന് കുടുംബങ്ങൾക്ക് ശിലകൾ കൈമാറിക്കൊണ്ട് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ നിർവഹിക്കും.
ഇതോടൊപ്പം വയനാട് മൂന്നാംമൈലിൽ നിർമാണം പൂർത്തീകരിച്ച 10 ഭവനങ്ങളുടെ താക്കോൽദാനവും കർദിനാൾ നിർവഹിക്കും. കൂടാതെ ബത്തേരി രൂപയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് 50 വർഷം പൂർത്തീകരിക്കുന്നതിനോടനുബന്ധിച്ച് ശ്രേയസിന്റെ 78 യൂണിറ്റുകളിൽ അർഹതപ്പെട്ട 78 പേർക്ക് സ്വന്തമായുള്ള ഭവനം എന്ന സ്വപ്നം പൂർത്തീകരിക്കുമെന്ന് ബത്തേരി രൂപത വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.