ശ്രേഷ്ഠ ഭാഷാ പഠനകേന്ദ്രം സ്ഥാപിക്കുന്നതില്‍ വീഴ്ച, അന്വേഷണം നേരിടുന്ന വ്യക്തിയെ പുനര്‍നിയമിക്കാന്‍ നീക്കം
1488001
Wednesday, December 18, 2024 5:22 AM IST
ഇ. അനീഷ്
കോഴിക്കോട്: മലയാള സര്‍വകലാശാലയില്‍ ശ്രേഷ്ഠ ഭാഷാ പഠന കേന്ദ്രം സ്ഥാപിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നിശ്ചിതസമയത്ത് നടത്താതെ സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തി വച്ച സംഭവത്തില്‍ അന്വേഷണം നേരിടുന്ന വ്യക്തിക്ക് വീണ്ടും അതേ സര്‍വകലാശാലയില്‍ പുനര്‍ നിയമനം നടത്താന്‍ നീക്കം. സര്‍ക്കാരിന് 83 ലക്ഷം നഷ്ടം വരുത്തിവച്ച ഫിനാന്‍സ് ഓഫീസര്‍ മാരിയറ്റ് തോമസിനെയാണ് പുനര്‍ നിയമിക്കാന്‍ നീക്കം നടക്കുന്നത്.
നാലുവര്‍ഷ കാലാവധി ഈ മാസം 27ന് അവസാനിരിക്കേയാണ് രാഷ്ട്രീയ സമ്മര്‍ദത്തെത്തുടര്‍ന്ന് പുനര്‍ നിയമിക്കാന്‍ ശ്രമിക്കുന്നത്. ഈ നീക്കം സര്‍വകലാശാലയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കിടയിലും വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഫിനാന്‍സ് ഓഫീസറായി പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ ശ്രേഷ്ഠഭാഷാ മലയാള പഠന കേന്ദ്രം സര്‍വകലാശാലയില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ കൈകാര്യം ചെയ്യുന്നതില്‍ ഫിനാന്‍സ് ഓഫീസര്‍ക്ക് വീഴ്ച സംഭവിച്ചതായി ആക്ഷേപമുയര്‍ന്നിരുന്നു. 2.75 കോടിക്ക് നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് കരാറായ ശ്രേഷ്ഠഭാഷാ കേന്ദ്ര നിര്‍മാണ പ്രവൃത്തികള്‍ യഥാസമയം ഫയല്‍ എന്‍ജിനിയറിംഗ് വിഭാഗത്തിന് കൈമാറിതിരുന്നതിനെത്തുടര്ന്നാണ് നഷ്ടമുണ്ടായത്.
മൂന്നുവര്‍ഷത്തിന് ശേഷം 2021ല്‍ ഫണ്ട് നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ എന്‍ജിനിയറിംഗ് വിഭാഗം ഫയല്‍ തിരികേ വിളിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമായിരുന്നു. 3.58 കോടി രൂപയ്ക്കാണ് രണ്ടാമത് കരാര്‍ നല്‍കിയത്. എന്‍ജിനിയറിംഗ് വിഭാഗം ദ്രുതഗതിയില്‍ നടപടി ക്രമങ്ങള്‍ പുര്‍ത്തിയാക്കി കേന്ദ്രം സര്‍വകലാശാലയില്‍ നിര്‍മിക്കുകയായിരുന്നു. സര്‍ക്കാരിന് 83 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതുവഴിയുണ്ടായത്.
ഭൗതിക സൗകര്യം ഒരുക്കാത്തതിന്റെ പേരില്‍, കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അനുമതി നല്കിയ മികവു കേന്ദ്രം നഷ്ടമാകരുത് എന്ന് മുന്‍കൂട്ടി കണ്ടുകൊണ്ട് നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കുവാന്‍ പദ്ധതി വിഹിതത്തില്‍ നിന്നും ഒരുകോടി രൂപ സര്‍വകലാശാല മാറ്റിവച്ചിരുന്നു. ഇത് സിന്‍ഡിക്കേറ്റിന്റെ അനുമതിപോലും ഇല്ലാതെ ഫിനാന്‍സ് ഓഫീസര്‍ വകമാറ്റിയെന്നും ആരോപണ മുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ സ്ഥലവും കെട്ടിടവും നല്കിയാല് തുടര്‍ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാരാണ് നടപ്പിലാക്കുന്നത്. ആരോപണം ഉയര്‍ന്നതോടെ ഫിനാന്‍സ് ഓഫീസര്‍ക്കെതിരേ അന്വേഷണം വരികയും 2023 ഓഗസ്റ്റ് 11ന് വൈസ് ചാന്‍സിലര്‍ ഇന്‍ചാര്‍ജിന് സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. ഇതിനിടയില്‍ റിപ്പോര്‍ട്ടിലെ ഫിനാന്‍സ് ഓഫീസര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കാനുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ശ്രമവും നടന്നു.
ഉപസിമിതിയോഗം ചേര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ വൈസ് ചാന്‍സലര്‍ ശ്രമിച്ചുവെങ്കിലും പുനര്‍ നിയമനത്തിന് ശിപാര്‍ശ നല്കാന് ഉപസമിതി തയ്യാറായില്ല. ഒടുവില്‍ ഉപസമിതി യൂണിവേഴ്സിറ്റി സ്റ്റാന്‍ഡിംഗ് കൗണ്‍സിലില്‍ നിന്നു ലഭിച്ച നിയമോപദേശം സ്വീകരിക്കാമെന്ന് അറിയിച്ചു. എന്നാല്‍ നിയമോപദേശം പുനര്‍നിയമനത്തിന് അനൂകുലമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇതു തിരുത്തിക്കാനുള്ള ശ്രമം ഉണ്ടാകുന്നതായും ആക്ഷേപമുണ്ട്.
യുജിസി അനുസരിച്ചുള്ള ഉയര്‍ന്ന ശമ്പള സ്കെയിലാണ് ഇവര്‍ക്ക് നല്കി വരുന്നത്.1,79,685 രൂപയാണ് ഇവരുടെ ശമ്പളം. മാമലയിലെ കേരള ഇലക്ട്രിക്കല്‍ ലിമിറ്റഡ് സ്ഥാപനത്തില്‍ ഫിനാന്‍സ് അക്കൗണ്ട് മാനേജരായിരുന്ന ഇവരുടെ അടിസ്ഥാന ശമ്പളം 33,680 രൂപയായിരുന്നു. ഈ സ്ഥാപനത്തില്‍ നിന്നും രാജി നല്‍കിയശേഷം മാത്രമേ ഇവര്‍ക്ക് ഉയര്‍ന്ന ശമ്പള സ്കെയിലുള്ള ഫിനാന്‍സ് ഓഫീസര്‍ തസ്തികയില്‍ ജോലിചെയ്യാന്‍ സാധിക്കുള്ളുവെന്നിരിക്കേ ഡെപ്യൂട്ടേഷന് വ്യവസ്ഥയിലാണ് ഇവര്‍ സര്‍വകലാശാലയില്‍ ജോലിചെയ്തുവരുന്നതെന്ന ആക്ഷേപവും ഇതിനൊപ്പമുയരുന്നുണ്ട്.
സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് അധികമായി വാങ്ങിയ ശമ്പളം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സര്‍വകലാശാല സ്വീകരിച്ചിരുന്നു. ഇതിനെതിരേ ഇവര്‍ നല്കിയ കേസില്‍ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്തിരിക്കുകയാണ്. ഇതിനിടയിലാണ് പുനര്‍ നിയമിക്കാനുള്ള നീക്കം നടക്കുന്നത്.