ചോദ്യപേപ്പര്‍ ചോര്‍ച്ച: എംഎസ് സൊല്യൂഷന്‍സ് സിഇഒയുടെ മൊഴിയെടുക്കും
1488002
Wednesday, December 18, 2024 5:22 AM IST
കോഴിക്കോട്: പൊതു വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയെ ബാധിക്കും വിധത്തില്‍ സ്കൂള്‍ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി കെ.കെ. മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലാണ് അഞ്ചംഗ സംഘം അന്വേഷണം ആരംഭിച്ചിട്ടുള്ളത്.സൈബര്‍ പോലീസിന്റെ സഹായം അന്വേഷണ സംഘം തേടിയിട്ടുണ്ട്.
അന്വേഷണ സംഘം ഇന്നലെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ പങ്കുണ്ടെന്ന് കരുതുന്ന കൊടുവള്ളിയിലെ എംഎസ് സൊല്യൂഷന്‍സ് സ്ഥാപനത്തിന്റെ സിഇഒയില്‍നിന്ന് മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ചോദ്യപേപ്പര്‍ തയാറാക്കിയ അധ്യാപകരുടെ പങ്കും പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കരുടെ പങ്കും അന്വേഷിക്കുന്നുണ്ട്.
ട്യൂഷന് സെന്ററുകളില്‍ ക്ലാസെടുക്കുന്ന സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകര്‍ ആരെല്ലാമാണെന്നത് സംബന്ധിച്ചും വിവരം ശേഖരിച്ചുവരികയാണ്. എംഎസ് സൊല്യൂഷന്‍സിന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ചും അന്വേഷണത്തിനു സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഇതേക്കുറിച്ച് രഹസ്യാന്വേഷണവിഭാഗം പരിശോധിച്ചുവരുന്നുണ്ട്.
എംഎസ് സൊല്യൂഷന്‍സിന്റെ സാമ്പത്തിക സ്രോതസ് കൂടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു റൂറല്‍ എസ്പിയ്ക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. എംഎസ് സൊല്യൂഷന്‍സ് യൂ ട്യൂബ് ചാനലിന്റെ ഓഫീസ് അടച്ചിട്ട നിലയിലാണ്. താത്കാലികമായി യൂ ട്യൂബ് ചാനലിന്റെ പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സര്‍വീസില്‍നിന്ന് വിരമിച്ച അധ്യാപകരുടെ പങ്കും അന്വേഷിക്കും.