പൊന്നാനി സ്വര്‍ണക്കവര്‍ച്ച: സുഹൈലിന്റെ കള്ളങ്ങള്‍ പൊളിച്ച് പോലീസ്
1488000
Wednesday, December 18, 2024 5:22 AM IST
പൊന്നാനി: തുടക്കം മുതല്‍ സസ്പെന്സുകള് നിറഞ്ഞ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ സ്വര്ണക്കവര്ച്ചകളില് ഒന്നായ പൊന്നാനി കവര്‍ച്ച ക്ലൈമാക്സിലെത്തിച്ച് അന്വേഷണ സംഘം.
പൊന്നാനി ഐശ്വര്യ തീയറ്ററിന് സമീപം താമസിക്കുന്ന രാജീവ് എന്ന പ്രവാസിയുടെ അടച്ചിട്ട വീട്ടിലാണ് ഏതാനും നാളുകള്‍ക്കു മുമ്പ് വന്‍ കവര്‍ച്ച നടന്നത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ തൃശൂര്‍ വാടാനിപ്പിള്ളി സ്വദേശിയും പൊന്നാനിയില്‍ താമസക്കാരനുമായ ഓട്ടോ സുഹൈല്‍ എന്നു വിളിക്കുന്ന സുഹൈലിനെയും സഹായി പൊന്നാനി സ്വദേശി നാസറിനെയും അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തൊണ്ടിമുതലിന്റെ ഒരു ഭാഗം പോലീസ് കണ്ടെത്തിയിരുന്നു.
എന്നാല്‍ തുടക്കംമുതല്‍ കേസിലെ പ്രധാന പ്രതി സുഹൈല്‍ അന്വേഷണം വഴി തിരിച്ചുവിടാന്‍ നടത്തിയ ശ്രമങ്ങള്‍ പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ആദ്യം 300 പവന് സ്വര്‍ണം നഷ്ടപ്പെട്ടെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. പിന്നീട് 500 പവന് സ്വര്‍ണം വരെ വീട്ടില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
സിസിടിവി ഡിവിആര്‍ അടക്കം കവര്‍ന്ന് ഒരു തെളിവ് പോലും അവശേഷിപ്പിക്കാത്തത് അന്വേഷണത്തെ ഏറെ സങ്കീര്‍ണതയിലെത്തിച്ചു. മലപ്പുറം എസ്പി ആര്. വിശ്വനാഥിന്റെ മേല്‍നോട്ടത്തില്‍ തിരൂര്‍ ഡിവൈഎസ്പി ഇ. ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ പൊന്നാനിയില്‍ താമസിക്കുന്ന ഓട്ടോ സുഹൈലിനെ പോലീസ് സംശയിച്ചിരുന്നു. എന്നാല്‍ മറ്റു കേസുകളില്‍ ജയിലില്‍ കഴിയുന്നതിനിടെ പല തവണ ആത്മഹത്യക്ക് ശ്രമിച്ച സുഹൈലിനെ തെളിവുകള്‍ ഇല്ലാതെ പിടികൂടുന്നത് ഗുണകരമാകില്ലെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. തുടര്‍ന്ന് നിരവധി തെളിവുകള്‍ ശേഖരിച്ചാണ് സുഹൈലിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നത്.
ചോദ്യം ചെയ്യലിന്റെ തുടക്കം മുതലേ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിച്ച് സുഹൈല്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ സുഹൈലിന് ഒടുവില്‍ കുറ്റം സമ്മതിക്കേണ്ടിവന്നു.
തമിഴ്നാട്ടുകാരായ രണ്ടുപേരടക്കം തങ്ങള്‍ മൂന്നുപേര്‍ കവര്‍ച്ച നടത്തിയെന്നും കവര്‍ന്ന സ്വര്‍ണം മൂന്നായി വീതിച്ച് പങ്കിട്ടെടുത്തെന്നും സുഹൈല്‍ വ്യാജ മൊഴി നല്കി. സുഹൈലിന് ലഭിച്ച വിഹിതം അന്വേഷണ സംഘം കണ്ടെടുത്തെങ്കിലും മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടര്‍ന്നു. ഒടുവില്‍ കൃത്യം നടത്തിയത് സുഹൈലും സുഹൃത്ത് നാസറും ചേര്‍ന്നാണെന്നും കവര്‍ച്ച ചെയ്ത സ്വര്‍ണം മൂന്നര കിലോക്ക് മുകളില്‍ വരുമെന്നും പോലീസ് കണ്ടെത്തുകയായിരുന്നു.
തൃശൂര്‍ വാടാനപ്പിള്ളിയിലെ പെരിങ്ങോട്ട് കരയില്‍ വാടക വീടിനുപിറകില്‍ കുഴിച്ചിട്ട നിലയിലാണ് രണ്ടര കിലോ സ്വര്‍ണം പോലീസ് കണ്ടെത്തിയത്.
നേരത്തെ മലപ്പുറം ചട്ടിപ്പറമ്പില്‍ വില്‍പ്പന നടത്തിയ ഒരു കിലോ സ്വര്‍ണവും വില്പന നടത്തിയ വകയില്‍ 29 ലക്ഷം രൂപയും പോലീസ് കണ്ടെത്തിയിരുന്നു.