ചക്കിട്ടപാറ ടീച്ചേഴ്സ് എഡ്യുക്കേഷന്‍ സെന്ററിലെ വൈദ്യുതി വിച്ഛേദിച്ചു
1487996
Wednesday, December 18, 2024 5:22 AM IST
പേരാമ്പ്ര: വൈദ്യുതി ചാര്‍ജ് അടയ്ക്കാത്തതിനാല്‍ ചക്കിട്ടപാറ ടീച്ചേഴ്സ് എഡ്യുക്കേഷന്‍ സെന്ററിലെ വൈദ്യുതി വിച്ഛേദിച്ചു. ചക്കിട്ടപാറ കെഎസ്ഇബി സെക്ഷന്‍ ഓഫീസ് അധികൃതരാണ് ഇന്നലെ രാവിലെ വൈദ്യുതി വിച്ഛേദിച്ചത്.
ലക്ഷക്കണക്കിനു രൂപയാണ് വൈദ്യുതി ബില്‍ ഇനത്തില്‍ കാലിക്കട്ട് യൂണിവേഴ്സിറ്റി അടയ്ക്കാനുള്ളതെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. ബിഎഡ്, ബിപിഎഡ് കോഴ്സുകളിലായി 250 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. 15 ഓളം ജീവനക്കാരുമുണ്ട്. വൈദ്യുതി കണക്ഷന് വിച്ഛേദിച്ചത് ഇവരുടെ പഠനത്തെയും ദൈനംദിന പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചു.
മൂന്നു നിലകളിലായി കോണ്‍ക്രീറ്റ് കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. താരിഫ് സംബന്ധമായ തര്‍ക്കങ്ങളാണ് വൈദ്യുതി ബില്‍ അടയ്ക്കാതിരിക്കാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം. കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ അധീനതയിലുള്ള 11 ടീച്ചര്‍ എഡ്യുക്കേക്കേഷന് സെന്ററുകളില്‍ ചക്കിട്ടപാറ കൂടാതെ മറ്റുരണ്ടു സെന്ററുകളില്‍ കൂടി സമാന പ്രശ്നം നേരിടുന്നതായാണ് സൂചന.