ഹരിത ഭവനത്തിന് അംഗീകാരം; ‘കേരളം മുഴുവന്‍ നടപ്പാക്കും’
1487992
Wednesday, December 18, 2024 5:22 AM IST
കോഴിക്കോട്: ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രഫ. ശോഭീന്ദ്രന് ഫൗണ്ടേഷനും ചേര്‍ന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന "ഹരിത ഭവനം' പദ്ധതിക്ക് ശുചിത്വമിഷന്റെ അംഗീകാരം. പദ്ധതി സംസ്ഥാനം മുഴുവന്‍ നടപ്പിലാക്കുമെന്ന് ശുചിത്വമിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു.വി. ജോസ് പറഞ്ഞു.
കോഴിക്കോട് പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ യു.വി. ജോസ് അംഗീകാരപത്രം കൈമാറി. പ്രഫ. ശോഭീന്ദ്രന് ഫൗണ്ടേഷന് പ്രസിഡന്റ് വടയക്കണ്ടി നാരായണന് ഏറ്റുവാങ്ങി. വിദ്യാര്‍ഥികളില്‍ ശുചിത്വ അവബോധം സൃഷ്ടിച്ചതിനണ് അംഗീകാരം. ശുചിത്വമിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം. ഗൗതമന് അധ്യക്ഷത വഹിച്ചു.
കോഴിക്കോട് സിറ്റി എഇഒ കെ.വി. മൃദുല, നിറവ് ഡയറക്ടര്‍ ബാബു പറമ്പത്ത്, മണലില്‍ മോഹനന്, ഫൗണ്ടേഷന് സെക്രട്ടറി സെഡ്.എ. സല്മാന്, രക്ഷാധികാരി ഡോ. ദീപേഷ് കരിമ്പുങ്കര, ലത്തീഫ് കുറ്റിപ്പുറം, സരസ്വതി ബിജു, പി. ശാരുതി, കെ.പി. രാധാകൃഷ്ണന്, സി.കെ. സരിത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മാലിന്യ സംസ്കരണം, ഊര്‍ജ സംരക്ഷണം, ജലസംരക്ഷണം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളില്‍ സ്വയം പര്യാപ്തമായ ഘടകങ്ങളാക്കി വീടുകളെ മാറ്റുന്ന പദ്ധതിയാണ് ഹരിത ഭവനം. ജില്ലയിലെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും വീടുകള്‍ ഹരിത ഭവനങ്ങളും വിദ്യാലയങ്ങള്‍ ഹരിത വിദ്യാലയങ്ങളും ആക്കി മാറ്റുകയാണ് ചെയ്യുന്നത്.
ഇതിനകം പന്ത്രണ്ടായിരത്തോളം ഹരിത ഭവനങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മൂന്ന് പെട്ടികള്വച്ച് പാഴ്വസ്തുക്കള് തരംതിരിച്ച് ശേഖരിച്ച് നിശ്ചിത ഇടവേളകളില്‍ ഹരിതകര്‍മ സേനയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്.