തീരദേശ മേഖലയിൽ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കും
1461389
Wednesday, October 16, 2024 4:07 AM IST
അഴിയൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി സെൻട്രൽ മുക്കാളിയിൽ മുറിച്ചു മാറ്റിയ പൈപ്പുകൾ പുനഃസ്ഥാപിച്ച് മൂന്ന് ദിവസത്തിനുള്ളിൽ കുടിവെള്ളം എത്തിക്കുമെന്ന് പാത നിർമാണവുമായി ബന്ധപ്പെട്ട കരാർ കമ്പനി അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിർമാണ ജോലികൾ ബുധനാഴ്ച തുടങ്ങും.
അഴിയൂർ പഞ്ചായത്തിലെ കറപ്പക്കുന്ന്, ബംഗ്ലക്കുന്ന്, പാതിരിക്കുന്ന് പ്രദേശങ്ങളിൽ കഴിഞ്ഞ പതിനാറ് ദിവസമായി പൈപ്പ് പൊട്ടിയതിനെ തുടർന്ന് കുടിവെള്ള വിതരണം മുടങ്ങിയത്. തുടർന്ന് ജനപ്രതിനിധികൾ സാമൂഹിക രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പ്രതിഷേധവുമായി ദേശീയപാത നിർമാണപ്രവൃത്തി നടക്കുന്ന സെൻട്രൽ മുക്കാളി എത്തി പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് വെള്ളം പുനഃസ്ഥാപിക്കാൻ തീരുമാനമായത്.
രൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുന്ന സ്ഥലത്തേക്ക് പോകുന്ന പൈപ്പ് പൊട്ടിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ചർച്ചകളിൽ പ്രമോദ് മാട്ടാണ്ടി, പി. ബാബുരാജ്, പി.കെ. പ്രീത, ഹാരിസ് മുക്കാളി, കവിതാ അനിൽകുമാർ, പ്രദീപ് ചോമ്പാല, വി.കെ. അനിൽകുമാർ, കെ.പി. ജയകുമാർ, കെ.പി. ഗോവിന്ദൻ, ഷമീർ കുനിയിൽ എന്നിവർ പങ്കെടുത്തു.