ബീച്ച് ആശുപത്രിയിലെ വെള്ളക്കെട്ട്: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു
1461164
Tuesday, October 15, 2024 1:30 AM IST
കോഴിക്കോട്: വെള്ളക്കെട്ട് കാരണം ബീച്ച് ജനറൽ ആശുപത്രിയിലെ ഒപി കൗണ്ടറിലെത്താൻ രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ബീച്ച് ജനറൽ ആശുപത്രി സൂപ്രണ്ട് എന്നിവർ ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബറിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
വെള്ളക്കെട്ടിലൂടെ നടക്കാൻ കഴിയാത്തതിനാൽ താത്കാലികമായി കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. യാതൊരു ഉറപ്പുമില്ലാത്ത കല്ലുകളിൽ തട്ടി സ്ത്രീകളും വയോധികരും ഉൾപ്പെടെയുള്ള രോഗികൾ വീഴാൻ സാധ്യതയുള്ളതായി പരാതിയിൽ പറയുന്നു. സർക്കാർ ആശുപത്രിയെ ശരണം പ്രാപിക്കുന്ന പാവപ്പെട്ട രോഗികളോടുള്ള വെല്ലുവിളിയാണ് ഇത്തരം സംഭവങ്ങളെന്നും മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിൽ പറയുന്നു.