ചെമ്പ്ര അങ്ങാടിയിലെ ടാറിംഗ് തകർന്നു
1460730
Saturday, October 12, 2024 4:31 AM IST
കൂരാച്ചുണ്ട്: ചെമ്പ്ര അങ്ങാടിയിലെ ചക്കിട്ടപാറയിലേക്കുള്ള കവലയിൽ റോഡിന്റെ ടാറിംഗ് തകർന്ന് യാത്രക്കാർ ദുരിതത്തിൽ. ചക്കിട്ടപാറ, കൂരാച്ചുണ്ട്, പേരാമ്പ്ര എന്നിവിടങ്ങളിലേക്ക് പോകുന്ന പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള പ്രധാന പാതയാണിത്.
ഒട്ടേറെ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിന്റെ ഈ ഭാഗത്ത് ടാറിംഗ് തകർന്നതോടൊപ്പം കയറ്റവുമുള്ളതിനാൽ യാത്രക്കാർ വലിയ അപകട ഭീഷണിയാണ് നേരിടുന്നത്.
റോഡിന്റെ ഒരു ഭാഗം ഓട്ടോ ടാക്സി സ്റ്റാൻഡാണ്. ഇവിടെ റോഡിന് ഓവുചാൽ ഇല്ലാത്തതിനാൽ ഒരു മഴ പെയ്തു കഴിഞ്ഞാൽ വെള്ളം റോഡിൽ നിറയുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്.
നിർദിഷ്ട മലയോര ഹൈവേ കടന്നു പോകുന്നത് ഇതുവഴിയാണ്. എന്നാൽ ഇതിന്റെ നിർമാണ പ്രവൃത്തി വൈകുന്നതും യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. റോഡിന്റെ ദുരവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്ന ആവശ്യമാണ് വ്യാപകമായി ഉയരുന്നത്.