പൂവത്താംകണ്ടിയിൽ കാട്ടാനകളിറങ്ങി; വ്യാപക കൃഷിനാശം
1459940
Wednesday, October 9, 2024 7:13 AM IST
നാദാപുരം: വാണിമേൽ പൂവത്താംകണ്ടി മലയോരത്ത് കൃഷിയിടങ്ങളിൽ വീണ്ടും കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് കാട്ടാനകൾ കൃഷിയിടങ്ങളിലെത്തിയത്. തെങ്ങ്, കവുങ്ങ്, റബ്ബർ തുടങ്ങിയ കൃഷികളാണ് കാട്ടാനകൾ നശിപ്പിച്ചത്.
മലയങ്ങാട് മലയിൽ കണ്ണവം വനാതിർത്തിയിൽ സൗരോർജ കന്പിവേലികൾ സ്ഥാപിച്ചതോടെ സമീപത്തെ പൂവത്താം കണ്ടിയിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാട്ടാനകൾ ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം കുട്ടി ആനകൾ ഉൾപ്പെടെയുള്ള 13 ഓളം ആനകൾ ഈ മേഖലയിലെ കൃഷിയിടങ്ങളിൽ ഇറങ്ങി വ്യാപക നാശം വരുത്തിയിരുന്നു. ആനക്കൂട്ടത്തെ വനം വകുപ്പ് അധികൃതർ കണ്ണൂർ കണ്ണവം വനത്തിലേക്ക് തുരത്തി ഓടിച്ചിരുന്നു. വിലങ്ങാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസറും സംഘവും സ്ഥലത്തെത്തി ആനകളെ കണ്ണവം വനത്തിലേക്ക് തുരത്തി.