ഡിവൈഎഫ്ഐ പ്രതിഷേധ ക്യാമ്പയിന് നാളെ
1454349
Thursday, September 19, 2024 4:36 AM IST
കോഴിക്കോട്: മാധ്യമങ്ങളുടെ നുണ വ്യവസായത്തെ തുറന്ന് കാട്ടാന്‍ ഡിവൈഎഫ്ഐ പ്രതിഷേധ ക്യാമ്പയിന് സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജും പ്രസിഡന്റ് വി. വസീഫും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ക്കെതിരേ നാളെ എല്ലാ ജില്ലാ കേന്ദത്തിലും യുവജന പ്രതിഷേധം സംഘടിപ്പിക്കുമെന്നും തിരുവനന്തപുരത്ത് ഫേസ് ടു ഫേക്ക് എന്ന പേരില്‍ മാധ്യമ നുണകളുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.
മാധ്യമങ്ങളുടെ ഇടതുപക്ഷ രാഷ്ട്രീയവിരോധം എല്ലാ പരിധിയും വിട്ട് കേരള വിരോധമായി മാറി. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് സഹായം അഭ്യര്‍ത്ഥിക്കാന്‍ തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ എസ്റ്റിമേറ്റ് തുക ചൂണ്ടികാണിച്ച് ചിലവഴിച്ച തുകയാണ് എന്ന നിലയില്‍ നടത്തുന്ന സത്യവിരുദ്ധമായ പ്രചരണങ്ങള്‍.
പകല്‍ മുഴുവന്‍ വ്യാജ വാര്‍ത്ത കൊടുക്കുകയും വിമര്‍ശനം ഉയരുമ്പോള്‍ രാത്രി നേരത്തെ കൊടുത്തത് തെറ്റായ വാര്‍ത്തയായിരുന്നു എന്ന് യാതൊരു സങ്കോചവും ഇല്ലാതെ പറയുന്നതും മാധ്യമങ്ങള്‍ പതിവാക്കിയിരിക്കുകയാണ്. എസ്ഡിആര്‍എഫ് ചട്ടങ്ങള്‍ അനുസരിച്ചു ഏതൊരു സംസ്ഥാന സര്‍ക്കാരും തയാറാക്കുന്ന രീതിയിലാണ് കേരള സര്‍ക്കാരും മെമ്മോറാണ്ടം തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചത്.
മെമ്മോറണ്ടത്തിലെ എസ്റ്റിമേറ്റ് കണക്കുകള്‍ ചിലവെന്ന രൂപത്തില്‍ അവതരിപ്പിച്ചു തെറ്റിദ്ധാരണ പരത്തുന്നത് മറ്റു ചില രാഷ്ട്രീയ ലക്ഷ്യങ്ങളോടു കൂടിയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.