383 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്
1453853
Tuesday, September 17, 2024 6:15 AM IST
കോഴിക്കോട്: ഓണക്കാലത്തെ പത്ത് ദിവസങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലയില്‍ 383 സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി. ഇതില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച 16 സ്ഥാപനങ്ങള്‍ പൂട്ടിച്ചു.
സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ പരിശോധനയാണ് ജില്ലയില്‍ നടന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ലൈസൻസ് ഇല്ലാതെ തുറന്ന് പ്രവർത്തിച്ചാൽ കച്ചവടക്കാർക്കെതിരെ ആർഡി.ഒ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷ അസി. കമ്മീഷണൻ എ. സക്കീർ ഹുസൈൻ അറിയിച്ചു.
ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചതായി കണ്ടെത്തിയ രണ്ട് ചിക്കൻ സ്റ്റാളുകൾക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ ഉത്തരവ് നൽകി. ചത്ത കോഴിയെ വിൽപന നടത്തിയ അണ്ടിക്കോട് സിപിആർ ചിക്കൻ സ്റ്റാളിനെതിരെയും ലൈസൻസ് ഇല്ലാതെ നടക്കാവിൽ പ്രവർത്തിച്ച സ്റ്റാളിനെതിരെയുമാണ് കേസെടുത്തത്.
ഓണക്കാല പരിശോധനയിൽ ഒന്നിലധികം ന്യൂനതകൾ കണ്ടെത്തിയ 33 സ്ഥാപനങ്ങൾക്ക് പിഴ അടക്കുന്നതിന് നോട്ടീസ് നൽകി. ചെറിയ ന്യൂനതകൾ കണ്ടെത്തിയ 42 സ്ഥാപനങ്ങൾക്ക് അവ തിരുത്തുന്നതിന് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. 76 ഭക്ഷ്യ വസ്തുക്കളുടെ സാമ്പ്ൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.