മെഡിക്കല്‍ കോളജിലെ നടപ്പാലം അപകടാവസ്ഥയില്‍
1453847
Tuesday, September 17, 2024 6:15 AM IST
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ റോഡ് മുറിച്ചു കടക്കുന്നതിനായി നിര്‍മിച്ച ഫൂട്ട് ഓവര്‍ ബ്രിഡ്ജ് അപകടാവസ്ഥയില്‍. തുരമ്പെടുത്ത് ദ്രവിച്ച് തുടങ്ങിയ പാലം ഏത് നിമിഷവും തകര്‍ന്നുവീഴുന്ന അവസ്ഥയിലാണ്. മാത്രമല്ല നടപ്പാലത്തിന്റെ അടിഭാഗത്ത് വിരിച്ച ഷീറ്റ് പൊട്ടി കാല്‍നടക്കാരുടെ കാല് കുടുങ്ങിപ്പോവുമെന്ന നിലയിലാണ്.
22 വര്‍ഷത്തിലധികം പഴക്കമുള്ള പാലം യഥാസമയം അറ്റകുറ്റപ്പണി നടത്താറില്ല. പാലത്തിന് തകര്‍ച്ച ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും നേരത്തെ മെഡിക്കല്‍ കോളജ് അധികൃതര്‍, പിഡബ്ല്യുഡി, മേയര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.
എന്നാല്‍, പാലം ശക്തിപ്പെടുത്തുന്നതിനോ അടച്ചിടുന്നതിനോ നടപടി സ്വീകരിച്ചിട്ടില്ല. ഗതാഗതത്തിരക്കേറിയ ഭാഗത്ത് റോഡിന് കുറുകെയുള്ള പാലം പൊട്ടിവീണാല്‍ അത് വലിയ ദുരന്തത്തിനിടയാക്കുമെന്ന് നാട്ടുകാരും ആശുപത്രി ജീവനക്കാരും ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല പാലം സാമൂഹിക വിരുദ്ധരുടെ താവളമായും മാറിയിട്ടുണ്ട്. മെഡിക്കല്‍ കോളജിന് സമീപത്തെ വ്യാപാരികളുടെ സഹകരണത്തോടെ സ്വകാര്യ എന്‍ജിഒ അസോസിയേഷന് നിര്‍മിച്ച പാലം പിന്നീട് കേര്പറേഷന് കൈമാറുകയായിരുന്നു.
പാലത്തില്‍ വലിയ വിള്ളലുകള്‍ വരുമ്പോള്‍ സമീപത്തെ വ്യാപാരികള്‍ മരപ്പലകകളും മറ്റും കൊണ്ടുവന്ന് താല്‍ക്കാലികമായി അടക്കുന്നതൊഴിച്ചാല് മറ്റ് അറ്റകുറ്റപ്പണികളൊന്നും നടക്കുന്നില്ല. മെഡിക്കല്‍ കോളജ് ജീവനക്കാരുടെ പരാതിയില്‍ കഴിഞ്ഞ വര്‍ഷം സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും പാലം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.