മഞ്ചേരി മെഡിക്കല്‍ കോളജില്‍ ജീവനക്കാര്‍ സമരത്തില്‍
1451541
Sunday, September 8, 2024 4:34 AM IST
മഞ്ചേരി: രണ്ട് മാസത്തെ ശമ്പളം കുടിശികയായതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്ത്. കേരള ഗവ.ഹോസ്പിറ്റല്‍ ഡെവലപ്പ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയന് ആശുപത്രി പരിസരത്ത് പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. ഇന്നലെ എല്ലാ താല്‍ക്കാലിക ജീവനക്കാരും കറുത്ത ബാഡ്ജും മാസ്കും ധരിച്ചാണ് ജോലിക്കെത്തിയത്.
"ഓണമുണ്ണാനെങ്കിലും കൂലി തരുമോ' എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ശമ്പളം മുടങ്ങിയത് ദൈനംദിന ജീവിതത്തെ ബാധിച്ചെന്നും ഓണം അടുത്ത സാഹചര്യത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ജീവനക്കാര്‍ പറഞ്ഞു.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളമാണ് ജീവനക്കാര്‍ക്ക് ലഭിക്കാനുള്ളത്. കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് (കാസ്പ്) പദ്ധതിയിലൂടെയും ആശുപത്രി വികസന സൊസൈറ്റി (എച്ച്ഡിഎസ്) യുടെയും കീഴില്‍ നിയമിതരായ 566 താല്‍ക്കാലിക ജീവനക്കാരുടെ വേതനമാണ് മുടങ്ങിയത്. ഈ മാസം 13നകം ശമ്പളം നല്‍കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടിയിലേക്ക് നീങ്ങാനാണ് ജീവനക്കാരുടെ തീരുമാനം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകൾ ഫണ്ട് നല്കാന് മടിച്ചതോടെയാണ് ആശുപത്രി കടക്കെണിയിലായത്. വിവിധ സ്കീമുകളിലായി 27 കോടി രൂപ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സര്‍ക്കാരില്‍നിന്ന് ലഭിക്കാനുണ്ട്. പ്രസിഡന്റ് സി. സുബിന് ലാല്‍, സെക്രട്ടറി നിയാസ്, വൈസ് പ്രസിഡന്റ് ടി. അമിത, വി. സനൂഷ്, നിദ, പി. അല്‍ദീര്‍, പി. അനസ് എന്നിവര്‍ പ്രതിഷേധ പ്രകടനത്തിനും സംഗമത്തിനും നേതൃത്വം നല്കി.