നിലമ്പൂര്‍ കനോലി പ്ലോട്ടിലെ മയക്കുമരുന്ന് വില്പന; ഒരാള്‍ പിടിയില്‍
1490151
Friday, December 27, 2024 4:18 AM IST
നിലമ്പൂര്‍: നിലമ്പൂരിലെ കനോലി പ്ലോട്ടില്വച്ച് മയക്കുമരുന്നുമായി ഒരാള്‍ എക്സൈസിന്റെ പിടിയിലായി. ഊര്‍ങ്ങാട്ടിരി കിണറടപ്പന്‍ എന്ന സ്ഥലത്തെ ചെമ്പ്രത്തൊടി വീട്ടില്‍ മുഹമ്മദ് റഷീദി(40) നെയാണ് നിലമ്പൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ടി.എച്ച്. ഷഫീഖിന്റെ നേതൃത്വത്തിലുള്ള നിലമ്പൂര്‍ എക്സൈസ് റേഞ്ച് സംഘവും മലപ്പുറം ഐബി സംഘവും എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡ് അംഗങ്ങളും സംയുക്തമായി പിടികൂടിയത്.
പുലര്‍ച്ചെ സമയങ്ങളില്‍ വിജനമായ നിലമ്പൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ കനോലി പ്ലോട്ടിന്റെ പരിസരത്ത് വച്ച് മയക്കുമരുന്ന് വില്പനയും കൈമാറ്റവും നടക്കുന്നതായി മലപ്പുറം എക്സൈസ് ഇന്റലിജൻസ് ഇന്‍സ്പെക്ടര്‍ ടി. ഷിജുമോന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ കനോലി പ്ലോട്ട് മേഖലയില്‍ കോഴിക്കോട്-ഗൂഡല്ലൂര്‍ റോഡില്‍ നടത്തിയ പരിശോധനയിലാണ് റോഡരികില്‍ വച്ച് ഒന്‍പത് ഗ്രാം മെത്താഫിറ്റമിന്‍ കൈവശംവച്ച് കടത്തിക്കൊണ്ടുവരുന്നതിനിടെ പിടികൂടിയത്. ഇയാള്‍ക്ക് മയക്കുമരുന്ന് കൈമാറിയ അരീക്കോട് സ്വദേശികളെ കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കും.
എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ടി.എച്ച്. മുഹമ്മദ് ഷഫീഖ്, ടി. ഷിജുമോന്, പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് ദാസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.എസ്. പ്രവീണ്‍, ഇ. നിധിന്, വി. സുഭാഷ്, സി.ടി. ഷംനാസ്, അഖില്‍ ദാസ്, ഹാഷിര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സോണിയ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതിയെ നിലമ്പൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.