അങ്ങാടിപ്പുറം ചീരട്ടമല റോഡില്‍ വീണ്ടും വാഹനാപകടം
1490145
Friday, December 27, 2024 4:18 AM IST
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം-പുളിങ്കാവ് റോഡിൽ ചീരട്ടമലയിൽ വീണ്ടും വാഹനാപകടം. വ്യാഴാഴ്ച രാവിലെ 8.30ഓടെയാണ് തൃശൂർ ഭാഗത്തുനിന്നും മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറി അപകടത്തിൽപ്പെട്ടത്. അരിപ്പൊടി കയറ്റിവന്ന ലോറി കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് മറിയുകയായിരുന്നു.
അപകടത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോറിയിൽനിന്നും ഓയിലും ഗ്രീസും റോഡിൽ പരന്നു. അഗ്നിരക്ഷാസേന എത്തി റോഡ് കഴുകിയാണ് അപകട ഭീഷണി ഒഴിവാക്കിയത്.
അപകടത്തെ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു. പരിയാപുരത്ത് അപകടങ്ങൾ തുടർക്കഥ ആയതോടെ ഇവിടെ റോഡ് വീതി കൂട്ടിയിരുന്നു. ഇതേ തുടർന്ന് അപകട ഭീഷണി ഒഴിവാകുകയും ചെയ്തിരുന്നു. വീണ്ടും അപകടമുണ്ടായത് നാട്ടുകാരിൽ ആശങ്ക പരത്തിയിട്ടുണ്ട്.