റബര്‍ ഇറക്കുമതിക്കും വിലയിടിവിനുമെതിരേ നിലമ്പൂരില്‍ പ്രതിഷേധ സംഗമം ഏഴിന്
1466587
Tuesday, November 5, 2024 1:17 AM IST
നിലമ്പൂര്‍: റബര്‍ ഇറക്കുമതിക്കും വിലയിടിവിനുമെതിരേ റബര്‍ കര്‍ഷകരുടെ പ്രതിഷേധം ഏഴിന് നിലമ്പൂരില്‍ നടക്കും. റബര്‍ ഉത്പാദക ഫെഡറേഷനുകളുടെ ദേശീയ കൂട്ടായ്മയായ എന്സിആര്പിഎസിന്റെ നേതൃത്വത്തിലാണ് റബര്‍ കര്‍ഷകരുടെ പ്രതിഷേധ സംഗമം നടക്കുക. റബര്‍ കര്‍ഷകരെ സംരക്ഷിക്കുക, റബര്‍ കൃഷിയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരിക്കും പ്രതിഷേധ സംഗമമെന്നും ദേശീയ ഭാരവാഹികള്‍ നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള റബര്‍ ഉത്പാദക സംഘങ്ങളിലെ കര്‍ഷകര്‍ റാലിയില്‍ പങ്കെടുക്കും. 2000 ത്തിലേറെ റബര്‍ കര്‍ഷകര്‍ റാലിയില്‍ അണിനിരക്കും. ഇറക്കുമതിയുടെ പിന്‍ബലത്തില്‍ ടയര്‍ ലോബികള്‍ റബര്‍ വിലയിടിക്കുകയാണ്. ഇതിന് തടയിടണമെങ്കില്‍ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും റബര്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണം. റബര്‍ ബോര്‍ഡിന്റെ വിലയില്‍ നിന്ന് എട്ട് രൂപ കുറച്ചാണ് ചെറുകിട വ്യാപാരികള്‍ റബര്‍ വാങ്ങുന്നത്.
ടയര്‍ കമ്പനികള്‍ വിപണിയില്‍ നിന്ന് വിലയിടിക്കുന്നതിനാലാണ് ചെറുകിട റബര്‍ വ്യാപാരികള്‍ ഇതിന് നിര്‍ബന്ധിതമാകുന്നതെന്നും അവര്പറഞ്ഞു. എന്‍സിആര്‍പിഎസ് ദേശീയ പ്രസിഡന്റ് വി.വി. ആന്റണി അധ്യക്ഷത വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ വി.വി. ആന്റണി, ദേശീയ വൈസ് പ്രസിഡന്റ് ഏബ്രഹാം വര്‍ഗീസ് കാപ്പില്‍, നിലമ്പൂര്‍ റീജണല്‍ സെക്രട്ടറി ടി.പി. ഗോപാലകൃഷ്ണന്, മഞ്ചേരി റീജണല്‍ സെക്രട്ടറി സാബു സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.