ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കാട്ടാൽ തൂക്കം നടന്നു
1543655
Friday, April 18, 2025 6:39 AM IST
കാട്ടാക്കട : ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ കാട്ടാക്കട കാട്ടാൽ മുടിപ്പുര ഉത്സവത്തോടനുബന്ധിച്ചുള്ള കാട്ടാൽ തൂക്കം നടന്നു. ഇന്നലെ വൈകുന്നേരം കുത്തിയോട്ടക്കളമായ അഞ്ചുതെങ്ങിൻമൂട്ടിലേക്കു ദേവി എഴുന്നള്ളി.
ചടങ്ങുകൾ പൂർത്തിയാക്കി വിവിധ നേർച്ചക്കാരുടെ അകമ്പടിയോടെ ഓട്ടക്കളത്തിലെ ചടങ്ങുകൾക്കുശേഷം നേർച്ചക്കാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ തിരിച്ചെഴുന്നള്ളി. പൂക്കാവടി, തെയ്യം, മുത്തുക്കുടകൾ എന്നിവയും താലപ്പൊലിയേന്തിയ ബാലികമാരും അകമ്പടിയേകിയിരുന്നു.
തുടർന്ന് കുത്തിയോട്ടം, തട്ടിയോട്ടം, ഉരുൾ, താലപ്പൊലി എന്നിവയുണ്ടായിരുന്നു. തുടർന്ന് ദേവി തൂക്കവില്ലിലേറി ക്ഷേത്ര പ്രദക്ഷിണം നടത്തി. പിന്നാലെ കുഞ്ഞുങ്ങളുടെ തൂക്കനേർച്ച നടന്നു.
തൂക്കത്തിനു മുന്നോടിയായി കനത്ത വേനൽമഴ പെയ്തതോടെ ചൂടിന് ശമനമായി. സമാപന ദിവസമായ ഇന്നു ഗണപതിഹോമം, പ്രഭാതപൂജ എന്നിവയ്ക്കുശേഷം രാവിലെ പത്തിനു പൊങ്കാല നടക്കും.