മരപ്പാലത്ത് വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേര്‍ക്കു പരിക്ക്
1543648
Friday, April 18, 2025 6:39 AM IST
മെഡിക്കല്‍കോളജ്: മരപ്പാലം-മുട്ടട റോഡില്‍ വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ക്കു പരിക്കേറ്റു. ഇതില്‍ ഒരു കൈക്കുഞ്ഞും ഉള്‍പ്പെടുന്നു. പാല് കയറ്റി വരികയായിരുന്ന വാനും സവാരി ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. വാന്‍ മുട്ടടയില്‍ നിന്നു മരപ്പാലത്തേക്കും ഓട്ടോറിക്ഷ മരപ്പാലത്തുനിന്ന് മുട്ടടയിലേക്കും വരികയായിരുന്നു.
രാവിലെ 11 മണിയോടുകൂടിയാണു സംഭവം. ഓട്ടോറിക്ഷയ്ക്കുള്ളില്‍ മണ്ണന്തല മുക്കോലയ്ക്കല്‍ അമ്പനാട് സ്വദേശികളായ ജയദേവി, രമണി എന്നിവരും ഒരു കൈക്കുഞ്ഞുമാണ് ഉണ്ടായിരുന്നത്. സ്ത്രീകള്‍ക്ക് രണ്ടുപേര്‍ക്കും ശരീരത്തിന് ഇടിയേല്‍ക്കുകയും മുഖത്തിനു പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഞ്ഞിന്റെ നില ഗുരുതരമല്ല. ഓട്ടോ ഓടിച്ചിരുന്ന മെഡിക്കല്‍കോളജ് സ്വദേശി രാജീവ് ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍കോളജില്‍ ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് ഇദ്ദേഹം ബോധരഹിതനാകുകയായിരുന്നു.
ഇദ്ദേഹത്തിന്റെ തലയ്ക്കും ശരീരത്തിനും പരിക്കേറ്റു. രണ്ടുവാഹനങ്ങള്‍ക്കും വേഗത കൂടുതലായിരുന്നുവെന്നും മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് വാനും ഓട്ടോയും പരസ്പരം ഇടിച്ചതെന്നും പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നുപോയി. പാല്വണ്ടിക്കും കേടുപാടുകള്‍ ഉണ്ടായി. പേരൂര്‍ക്കട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.