മാലിന്യം തള്ളിയതു ചോദ്യംചെയ്ത നഗരസഭാ ജീവനക്കാരനു മര്‍ദനം
1543652
Friday, April 18, 2025 6:39 AM IST
പേരൂര്‍ക്കട: ഓട്ടോറിക്ഷയിലെത്തി മാലിന്യം റോഡിൽ തള്ളിയതു ചോദ്യം ചെയ്തതിന് ജീവനക്കാരനു മര്‍ദനം. തിരുവനന്തപുരം നഗരസഭയുടെ നൈറ്റ് സ്ക്വാഡില്‍ പ്രവര്‍ത്തിക്കുന്ന ഐരാണിമുട്ടം സ്വദേശി രാഹുലിനാണു മര്‍ദനമേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു കേസിനാസ്പദമായ സംഭവം.
രണ്ടുദിവസം മുമ്പാണു കരിമഠം സ്വദേശികളായ രണ്ടുപേര്‍ ഓട്ടോറിക്ഷയില്‍ മാലിന്യംകൊണ്ടുവന്ന് ഈഞ്ചയ്ക്കല്‍ ഭാഗത്തു നിക്ഷേപിച്ചത്. അന്ന് അവരെ പിടികൂടാന്‍ രാഹുലിനു കഴിഞ്ഞിരുന്നില്ല.
എന്നാല്‍ ഇന്നലെ പുലര്‍ച്ചെ ഇതേ സംഘത്തെ എസ്.പി ഫോര്‍ട്ട് ആശുപത്രിക്കു സമീപം കണ്ടതോടെയാണ് രാഹുല്‍ ഇവരെ ചോദ്യംചെയ്തത്. പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്ന് ഇവര്‍ രാഹുലിനെ അസഭ്യം പറയുകയും മുഖത്തടിക്കുകയുമായിരുന്നു. ഫോര്‍ട്ട് പോലീസ് കേസെടുത്തു.