പൊഴിമുറിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു മത്സ്യത്തൊഴിലാളികൾ
1543642
Friday, April 18, 2025 6:30 AM IST
തിരുവനന്തപുരം: മുതലപ്പൊഴിയിൽ പൊഴിമുറിക്കാനെത്തിയ ഉദോഗസ്ഥർ മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നു തിരികെ പോയി. ഇന്നലെ രാവിലെ മുതൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി എത്തുകയായിരുന്നു.
കൂടുതൽ ഡ്രെഡ്ജറുകൾ വരുത്തി മണൽ നീക്കം ചെയ്യാതെ പൊഴി മുറിക്കാൻ അനുവദിക്കില്ലെന്നു മത്സ്യത്തൊഴിലാളികൾ അറിയിച്ചു. പൊഴി മുറിക്കാൻ എത്തിയ തുറമുഖ വകുപ്പ് ഉദോഗസ്ഥർ പലതവണ ചർച്ച നടത്തിയെങ്കിലും നിലപാടിൽനിന്നും പിന്മാറാൻ മത്സ്യത്തൊഴിലാളികൾ തയാ റായില്ല. ആയിരകണക്കിനു തൊഴിലാളികളാണ് സംഘടിച്ചെത്തിയത്. പൊഴി മുറിക്കുമ്പോൾ വള്ളങ്ങൾക്കു കടന്നു പോകാനുള്ള സൗകര്യം ഒരുക്കാമെന്ന് ഉദോഗസ്ഥർ ഉറപ്പ് നൽകി.
എന്നാൽ കൂടുതൽ ഡ്രെഡ്ജറുകളെത്തിച്ചു മണൽ നീക്കം ചെയ്യാതെ പൊഴി മുറിക്കാൻ അനുവദിക്കില്ലെന്ന മത്സ്യ തൊഴിലാളികളുടെ ആവശ്യത്തിൽ അധികൃതർ മുട്ടുമടക്കി. സംഘർഷ സാധ്യത കണക്കിലെടുത്തു വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
അടുത്ത ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു. അതേ സമയം പൊഴി മുറിക്കാതിരുന്നാൽ സമീപത്തെ നാലു പഞ്ചായത്തു കളിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിലാകുമെന്ന ആശങ്കയുമുണ്ട്.