കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയായി
1543651
Friday, April 18, 2025 6:39 AM IST
കുടിവെള്ളം മുടങ്ങിയതു രണ്ടുദിവസം
പേരൂര്‍ക്കട: കുടപ്പനക്കുന്ന് ജംഗ്ഷനെ എംഎല്‍എ റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് പൊട്ടിയ കുടിവെള്ള പൈപ്പിന്റെ അറ്റകുറ്റപ്പണി വാട്ടര്‍ അഥോറിറ്റി പൂര്‍ത്തീകരിച്ചു. ബുധനാഴ്ച വൈകിയാണ് പഴയ പൈപ്പ് മാറ്റി പുതിയതു സ്ഥാപിച്ചു പ്രശ്നം പരിഹരിച്ചത്. കുടപ്പനക്കുന്ന് ജംഗ്ഷനില്‍ മാര്‍ച്ച് അവസാന വാരവും ഏപ്രില്‍ ആദ്യവാരവുമായി രണ്ടുതവണ പൈപ്പ് പൊട്ടിയിരുന്നു.
400 എംഎം എസി പൈപ്പായിരുന്നു വില്ലന്‍. മൂന്നാംതവണയും എസി പൈപ്പുതന്നെയാണ് പൊട്ടിയതെന്നും എന്നാല്‍ കൂറ്റന്‍ മരത്തിന്റെ വേരിന്റെ മര്‍ദമാണ് ഇത്തവണ പൈപ്പ് പൊട്ടാന്‍ കാരണമെന്നും പേരൂര്‍ക്കട സെക്ഷന്‍ എഇ പറഞ്ഞു. കാലപ്പഴക്കംചെന്ന എസി പൈപ്പ് മാറ്റിസ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ടു കരാര്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തതാണ് പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കാന്‍ കാരണം.
30 വര്‍ഷം കാലാവധി പറയുന്ന പൈപ്പ് ഇപ്പോള്‍ത്തന്നെ 38 വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. പൈപ്പ് പൊട്ടിയതോടെ കുടപ്പനക്കുന്ന്, എംഎല്‍എ റോഡ്, പാതിരിപ്പള്ളി, ഇരപ്പുകുഴി, മുക്കോലയ്ക്കല്‍, കല്ലയം തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ കുടിവെള്ളം മുടങ്ങുകയുണ്ടായി. വ്യാഴാഴ്ച ഉച്ചയോടുകൂടിയാണ് ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ജലമെത്തിയത്.