വയോജന പാർക്കിന്റെയും ഓപ്പൺ ഓഡിറ്റോറിയത്തിന്റെയും ശിലാസ്ഥാപനം നിര്‍വഹിച്ചു
1543647
Friday, April 18, 2025 6:39 AM IST
നെയ്യാറ്റിൻകര: പെരുമ്പഴുതൂർ ജംഗ്ഷന് വികസനത്തിന്റെ ആദ്യഘട്ടമായി ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെയും ചന്തയ്ക്കു മുന്നിൽ വയോജന പാർക്കിന്റെയും നിർമാണത്തിനു തുടക്കമായി. നഗരസഭ ഏറ്റെടുത്ത സ്ഥലത്ത് കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കാനുള്ള നിർമാണ പ്രവൃത്തികളാണ് ആദ്യം നടക്കുന്നത്. ഈ പദ്ധതികളുടെ ശിലാസ്ഥാപനം ചെയർമാൻ പി.കെ. രാജമോഹനൻ നിർവഹിച്ചു.
ഓപ്പൺ ഓഡിറ്റോറിയത്തിന് 29 ലക്ഷം രൂപയും വയോജന പാർക്കിന് 15 ലക്ഷം രൂപയുമാണു നീക്കിവെച്ചിട്ടുള്ളത്. ജംഗ്ഷന് വികസനത്തിനായി നഗരസഭ നേരത്തേ 22.5 സെന്റ് സ്ഥലം കടകൾ ഒഴിപ്പിച്ച് ഏറ്റെടുത്തിരുന്നു. സ്ഥലം ഏറ്റെടുക്കാനായി 1.82 കോടി രൂപ നഗരസഭ നൽകി. ജംഗ്ഷനിലാണ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മിക്കുന്നത്. പൊതുയോഗങ്ങൾ, സാംസ്കാരിക കൂട്ടായ്മകൾ എന്നിവയ്ക്ക് ഓഡിറ്റോറിയം ഉപയോഗപ്രദമാകും.
പടിക്കെട്ടുകളായുള്ള ഇരിപ്പിടങ്ങൾ നിർമിക്കും. ജംഗ്ഷനു സമീപത്തെ ചന്തയുടെ മുന്നിലാണ് വയോജന പാർക്ക് നിർമിക്കുന്നത്. ഇവിടെ ഇരിപ്പിടങ്ങൾ നിർമിക്കുകയും തണൽമരങ്ങൾ വച്ചുപിടിപ്പിക്കുകയും ചെയ്യും. പാർക്കിൽ ദൃശ്യ, ശ്രവണ സംവിധാനങ്ങൾ ഒരുക്കും.
പെരുമ്പഴുതൂർ ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ് അധ്യക്ഷയായി. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.കെ ഷിബു, എൻ.കെ. അനിതകുമാരി, ജെ. ജോസ് ഫ്രാങ്ക്ളിൻ, ആർ. അജിത, ഡോ. എം.എ. സാദത്ത്, കൗൺസിലർമാര്‍, സെക്രട്ടറി എന്നിവര്‍ സംബന്ധിച്ചു.