മാരിടൈം ബോർഡിനു കീഴിലുള്ള വിഴിഞ്ഞം തുറമുഖത്തിന് അധികൃതരുടെ കടുത്ത അവഗണന
1543643
Friday, April 18, 2025 6:30 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: മാരിടൈം ബോർഡിനു കീഴിലുള്ള വിഴിഞ്ഞം തുറമുഖത്തിന് അധികതരുടെ അവഗണന. തുറമുഖത്ത് കപ്പലുകളോ മറ്റു യാനങ്ങളോ അടുക്കാതെ വരുമാനം കുത്തനെ ഇടിഞ്ഞു.പോർട്ടിന്റെ മാസവരുമാനം ഒരു ലക്ഷമെങ്കിലും തികക്കാനുള്ള ഓട്ടത്തിൽ ഉദ്യോഗസ്ഥർ.
മാറി മാറി വന്ന മന്ത്രിമാരും ഉദ്യോഗസ്ഥരും ഇടവിട്ട് പ്രഖ്യാപിച്ച വികസന പ്രവർത്തനങ്ങൾ ഇവിടെ കണികാണാനില്ലാത്തത് മാത്രമല്ല, ഉണ്ടായിരുന്ന വികസനവും മുരടിച്ച മട്ടായി. അദാനി പുതിയതായി നിർമിച്ച അന്താരാഷ്ട്ര തുറമുഖത്തിനും കഷ്ടിച്ച് അര കിലോമീറ്റർ മാറിയാണ് മാരിടൈം ബോർഡിന്റെ തുറമുഖം.
ഒരു അന്താരാഷ്ട്ര തുറമുഖത്തിന് ആവശ്യം വേണ്ട ഐഎസ്പിഎസ് കോഡും, ഐസിപി കോഡും, മറ്റു സുരക്ഷാ സംവിധാനങ്ങളും പഴയതും പുതിയതുമായ രണ്ട് വാർഫുകളും കടൽ വഴി കൊണ്ടുവരുന്ന സാധനങ്ങൾ സൂക്ഷിക്കാനുള്ള ഗോഡൗണും സ്വന്തമായുണ്ട്. കടലിൽനിന്നു സാധനങ്ങളും ജീവനക്കാരെയും കരയിലെത്തിക്കാനുള്ള കൂറ്റൻ ടഗ്ഗും സജ്ജം.
കോവിഡ് കാലത്തെ രണ്ടു വർഷത്തിനുള്ളിൽ700-ൽപ്പരം വൻകിട ചരക്കുകപ്പലുകളെ ക്രൂ ചേഞ്ചിംഗിനായി അടുപ്പിച്ച് ലോകത്തിനു മുന്നിൽ കേരളത്തിന്റെ കരുത്തറിയിച്ച തുറമുഖത്തിനാണ് ഇപ്പോൾ അ ധോഗതി സംഭവിച്ചത്.
ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്നായ എവർഗ്ലോയെ അടുപ്പിച്ചാണു വിഴിഞ്ഞത്തിന്റെ ശക്തി ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയത്. ദിവസം 10 കൂറ്റൻ ചരക്ക് കപ്പലുകളെവരെ ഒരേ സമയം മാരിടൈം ബോർഡിന് അധികാരപ്പെട്ട തീരത്ത് നങ്കൂരമിട്ടിയിച്ച് കൈകാര്യം ചെയ്ത ചരിത്രമുണ്ട്.
വല്ലപ്പോഴും നടത്തിയിരുന്ന അടിയന്തര ക്രൂ ചേഞ്ചിംഗും ബോട്ടുകളുടെയും മറ്റും രജിസ് ട്രേഷൻ ഫീസും കൊണ്ടാണ് തുറമുഖം ഇപ്പോൾ ഒരുവിധം പിടിച്ചു നിന്നത്. ഏപ്രിലിന്റെ തുടക്കത്തിൽ ഉൾക്കടലിൽകൂടിപ്പോയ ഒരു കപ്പലിലെ ജീവനക്കാരന്റെ വിഴിഞ്ഞത്തേക്കുള്ള അടിയന്തിര ലാൻഡിംഗിനും ബന്ധപ്പെട്ട കേന്ദ്ര ഏജൻസികൾ തടസം നിന്നതായും ആരോപണമുയർന്നിരുന്നു.
അടിയന്തിര ലാൻഡിംഗ് ആവശ്യപ്പെട്ട കപ്പൽ ഏജൻസിയോട് ഇതുവരെയും ഇല്ലാത്ത നിയമം പറഞ്ഞു വിഴിഞ്ഞത്തിൽ നിന്നകറ്റി. ഒടുവിൽ കപ്പൽ കൊച്ചിക്കുവിട്ട് ദൗത്യം പൂർത്തിയാക്കുകയായിരുന്നു.
പുതിയ അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമായി കപ്പലുകൾ അടുത്തതോടെ ഫീഡിംഗ് പോർട്ടാക്കി മാറ്റി മാരിടൈം ബോർഡിന്റെ തുറമുഖങ്ങളായ വിഴിഞ്ഞത്തെയും കൊല്ലത്തേയും വമ്പൻ വികസനത്തിലെത്തിച്ച് സർക്കാരിന് വൻലാഭമുണ്ടാക്കാമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ഓഖി സമയത്തും പുതിയ തുറമുഖനിർമാണ സമയത്തും മൗത്തിൽ അടിഞ്ഞുകൂടിയ മണൽ മാറ്റി ഒരു വാർഫിന്റെ നീളം കൂട്ടിയാൽ വലിയ ചിലവില്ലാതെ ഏതുതരം അന്തർദേശീയ കപ്പലുകളെയും വാർഫിൽ അടുപ്പിക്കാനും സാധിക്കും.