പൂജപ്പുരയില്‍ ബസില്‍ കാര്‍ ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്
1543645
Friday, April 18, 2025 6:30 AM IST
പേരൂര്‍ക്കട: പൂജപ്പുരയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ മാരുതി സ്വിഫ്റ്റ് കാര്‍ ഇടിച്ചുകയറി നാലുപേര്‍ക്കു പരിക്കേറ്റു. ഇതില്‍ ഒരാള്‍ ബസിലെ യാത്രക്കാരിയും രണ്ടുപേര്‍ കാര്‍ യാത്രികരും ഒരാള്‍ കാറിടിച്ചു പരിക്കേറ്റ സ്കൂട്ടര്‍ യാത്രികനുമാണ്.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 1.30 നായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്നു വെള്ളറടയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനു മുന്നിലേക്കാണ് പൂജപ്പുരയില്‍നിന്ന് ജഗതി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിച്ചുകയറിയത്.
കാറില്‍ സുനില്‍, കുഞ്ചന്‍ എന്നീ രണ്ടുയുവാക്കളാണ് ഉണ്ടായിരുന്നത്. കാറിന് അമിതവേഗമുണ്ടായിരുന്നുവെന്നും കാര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിട്ടുണ്ടായിന്നുവോയെന്ന് സംശയമുണ്ടെന്നും പൂജപ്പുര പോലീസ് പറഞ്ഞു.
കാര്‍ ആദ്യം ഒരു ഇലക്ട്രിസ്കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ടശേഷമാണു നിയന്ത്രണംതെറ്റി ബസിന്റെ മുന്‍ഭാഗത്തേക്കു വന്നിടിച്ചതെന്നു ബസ് ഡ്രൈവര്‍ വിജിന് പറഞ്ഞു. തിരുമല സ്വദേശിയായ സ്കൂട്ടര്‍ യാത്രികനെ ബന്ധുക്കളെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ കാര്‍ യാത്രികര്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
കൂടാതെ ബസിലെ യാത്രക്കാരി കാട്ടാക്കട തൂങ്ങാംപാറ സ്വദേശിനി നിമി (34) തലയ്ക്കു പരിക്കേറ്റ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടത്തെ തുടര്‍ന്നു കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ തിരുവനന്തപുരം ഫയര്സ്റ്റേഷനില്നിന്നുള്ള ഗ്രേഡ് സ്റ്റേഷന് ഓഫീസര്‍ ടി. സതീഷ്കുമാര്‍, സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ പി.പി പ്രശോഭ്, ഫയര്‍ആൻഡ് റസ്ക്യു ഓഫീസര്‍മാരായ എം.എസ്. ഷഹീര്‍,
എം. മഹേഷ്, സുജിത്ത് എസ്. കുമാര്‍, എസ്.ആര്. മനു, വിഷ്ണുമോഹന്, ഫയര്‍ ആൻഡ്് റസ്ക്യു ഓഫീസര്‍ ഡ്രൈവര്‍മാരായ എസ്.എസ്. അഭിലാഷ്, എ. വിപിന്‍ചന്ദ്രന്‍ എന്നിവരും പൂജപ്പുര പോലീസും ചേര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.