ഗാനമേളക്കിടെയുണ്ടായ സംഘർഷം; മൂന്നു പോലീസുകാർക്കു പരിക്ക്
1543650
Friday, April 18, 2025 6:39 AM IST
കിളിമാനൂർ: ഉത്സവപ്പറമ്പിൽ ഗാനമേളക്കിടെയുണ്ടായ സംഘർഷത്തിൽ എസ്ഐ ഉൾപ്പെടെ മൂന്നു പേർക്കു പരിക്ക്. പോലീസ് വാഹനവും അക്രമികൾ കേടുപാടുകൾ വരുത്തി.
അക്രമികളായ നാലുപേരെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടുമ്പുറം സ്വദേശികളായ അൽമുബീൻ (27), സുബീഷ് (34), സുബിൻ (27), ഗൗതം (18) എന്നിവരാണ് അറസ്റ്റിലായത്. ഞായർ രാത്രി പത്തോടെ കാട്ടുംപുറം, കരിക്കകം ശ്രീപഞ്ചമുഖമാടൻ തമ്പുരാൻ ക്ഷേത്രത്തിലായിരുന്നു സംഭവം. ക്ഷേത്രപറമ്പിൽ നടന്ന ഗാനമേളക്കിടെ യുവാക്കൾ ചേരിതിരിഞ്ഞു സംഘർഷത്തിലേർപ്പെട്ടു.
സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കിളിമാനൂർ സബ് ഇൻസ്പെക്ടർ അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അക്രമം തടയാൻ ശ്രമിച്ചു. ഇതിനിടെ അക്രമി സംഘത്തിലെ പത്തോളം പേർ ചേർന്നു പോലീസ് സംഘത്തെ ആക്രമിക്കുകയായിരുന്നു. എസ്ഐ ഉൾപ്പടെ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പരുക്കേറ്റു. അക്രമികൾ മരക്കഷണം ഉപയോഗിച്ച് പോലീസ് ജീപ്പ് കേടുപാടുകൾ വരുത്തുകയും ചെയ്തു.
അക്രമി സംഘത്തിലെ കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരേ പോലീസ് കേസെടുക്കുകയും ഇതിൽ മുഖ്യ പ്രതികളായ നാല് പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.