സ്ഥലം ലഭിച്ചെങ്കിലും സ്മാര്‍ട്ട് കൃഷിഭവന് നിര്‍മാണം വൈകിയേക്കും
1543646
Friday, April 18, 2025 6:30 AM IST
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭ കൃഷിഭവനു പുതിയ കെട്ടിടത്തിനു സ്ഥലം അനുവദിച്ചതില്‍ ജീവനക്കാര്‍ക്കും കര്‍ഷകര്‍ക്കും ആശ്വാസം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയായിരുന്നെങ്കില്‍ എന്നാണ് നിലവില്‍ അവരുടെ ആഗ്രഹം.
എന്നാല്‍ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട പരിശോധനകളും മറ്റു നടപടിക്രമങ്ങളും വിവിധ ഘട്ടങ്ങളായേ നടക്കാന്‍ സാധ്യതയുള്ളൂവെന്നതിനാല് പുതിയ കെട്ടിടം പൂര്‍ത്തിയാകാന്‍ സ്വാഭാവികമായ കാലതാമസം വന്നേക്കാമെന്നും ആശങ്ക.
നെയ്യാറ്റിന്‍കര നഗരസഭ കൃഷിഭവന് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് മൃഗസംരക്ഷണ വകുപ്പിന്റെ കെട്ടിടത്തിലാണ്. വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ കെട്ടിടം ഏതു നിമിഷവും നിലംപൊത്തിയേക്കാമെന്ന സ്ഥിതിയിലാണുള്ളത്. പെരുമഴയത്ത് കെട്ടിടമാകെ ചോര്‍ന്നൊലിക്കുന്ന ദയനീയാവസ്ഥ ദീപിക നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.
സുരക്ഷിതമായ പുതിയ കെട്ടിടം എന്ന ജീവനക്കാരുടെയും കര്‍ഷകരുടെയും നിരന്തര ആവശ്യത്തിനു പരിഹാരമായാണ് ഒന്നരക്കോടി രൂപ അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ നെയ്യാറ്റിന്‍കര നഗരസഭയിലെ സ്മാര്‍ട്ട് കൃഷി ഭവന് നിര്‍മാണത്തിനു മാത്രമായാണ് ഈ തുക.
നെയ്യാറ്റിന്‍കര നഗരസഭയുടെ പരിധിയില്‍ പവിത്രാനന്ദപുരം പ്രീ- മെട്രിക് ഹോസ്റ്റലിനു സമീപത്തെ പത്തു സെന്റ് വസ്തു പുതിയ കൃഷിഭവന് കെട്ടിടം നിര്‍മിക്കാന്‍ അനുമതി ലഭിച്ചു. കേരള ലാന്‍ഡ് ഡവലപ്പമെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ബോര്‍ഡിനാണ് നിര്‍മാണ ചുമതല.
പ്രിൻസിപ്പൽ അഗ്രിക്കൾച്ചര്‍ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും കെഎല്‍ഡിസി - ബി പ്രതിനിധികളും കഴിഞ്ഞ ദിവസം പവിത്രാനന്ദപുരത്തെ വസ്തുസന്ദര്ശിച്ചു. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.കെ. ഷിബു, ഡോ. എം.എ. സാദത്ത്, കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ് എന്നിവരും അവരോടൊപ്പമുണ്ടായിരുന്നു.
നഗരസഭ പരിധിയില്‍ നെയ്യാറ്റിന്‍കരയ്ക്കു പുറമേ പെരുന്പഴുതൂരില് മറ്റൊരു കൃഷി ഭവന് പ്രവര്‍ത്തിക്കുന്നുണ്ട്. പെരുന്പഴുതൂര്‍ പഞ്ചായത്തിലെ കൃഷി ഭവനായിരുന്നു ഇത്. പഞ്ചായത്ത് നഗരസഭയോട് കൂട്ടിച്ചേര്‍ത്തെങ്കിലും കൃഷി ഭവന് പെരുന്പഴുതൂരില് തന്നെ പ്രവര്‍ത്തനം തുടരുന്നു. പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലാണ് പെരുന്പഴുതൂര്‍ കൃഷി ഭവന് സ്ഥിതി ചെയ്യുന്നത്.
പവിത്രാനന്ദപുരത്ത് നഗരസഭയുടെ കൃഷി ഭവന് ഓഫീസ് കെട്ടിടത്തിനു നിലവിലുള്ള നഗരസഭ ഭരണസമിതിയുടെ കാലാവധി സമിക്കുന്നതിനു മുന്‍പ് ശിലാസ്ഥാപനമെങ്കിലും നടത്തണമെന്നതാണ് ലക്ഷ്യം. ഇരുനിലയുള്ള കെട്ടിടമാണ് കൃഷിഭവനുവേണ്ടി നിര്‍മിക്കപ്പെടുക. അതേസമയം, വര്‍ഷങ്ങളായി കര്‍ഷകരും മറ്റും ആവശ്യപ്പെടുന്നത് കാര്‍ഷിക കോംപ്ലക്സാണ്.
നഗരസഭ കൃഷി ഭവന്റെ പരിധിയില്‍ നെല്‍കൃഷി ചെയ്യുന്നവര്‍ കുറവാണെങ്കിലും പൊതുവേ കൃഷിയോട് ആഭിമുഖ്യമുള്ളവര്‍ ഏറെയുണ്ട്. 120 ഹെക്ടര്‍ നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങളില്‍ മണലൂര്‍ ഏലായില്‍ മാത്രമാണ് നെല്‍കൃഷി അവശേഷിക്കുന്നത്. മറ്റു നെല്‍പ്പാടങ്ങളില്‍ വാഴയും പച്ചക്കറികളും മരച്ചീനിയും ധാരാളമായി കൃഷി ചെയ്തു വരുന്നു.
ടിബി ജംഗ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ഇപ്പോഴത്തെ കെട്ടിടത്തില്‍ കര്‍ഷകര്‍ക്കു പരിശീലനം നല്‍കാനുള്ള സൗകര്യമോ അവര്‍ക്ക് വിതരണം ചെയ്യാനുള്ളതടക്കമുള്ള വിത്തുകളും വളവുമെല്ലാം മഴയത്തു നനയാതെ സൂക്ഷിക്കാനുള്ള സംവിധാനമോ ഇല്ല. പുതിയ കെട്ടിടം യാഥാര്‍ഥ്യമായാല്‍ ഇത്തരത്തില്‍ ഒട്ടേറെ പരാതികള്‍ക്കും പരിമിതികള്‍ക്കും കൂടിയുള്ള ശാശ്വതപരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും.