ടാന്‍സാനിയയില്‍ മെത്രാനായി മാര്‍ ഈവാനിയോസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥി
1543640
Friday, April 18, 2025 6:30 AM IST
തിരുവനന്തപുരം: ടാന്‍സാനിയായില്‍ മെത്രാനായി മാര്‍ ഈവാനിയോസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥി..! മാര്‍ ഈവാനിയോസ് ഓട്ടോണോമസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്ന ഫാ. റൊമാന്‍സ് എലമു മിഹാലിയാണ് ആഫ്രിക്കയില്‍ ടാന്‍സാനിയയിലെ ഇറിങ്ങ രൂപതയുടെ മെത്രാനായി അഭിഷിക്തനാകുന്നത്.
ഈ മാസം 27നാണ് മെത്രാഭിഷേകച്ചടങ്ങുകൾ. 2005 - 2011 കാലഘട്ടത്തില്‍ മാര്‍ ഈവാനിയോസ് കോളജില്‍നിന്നു ജന്തുശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഫാ. റൊമാന്‍സ് എലമു മിഹാലി പിന്നീട് മാര്‍ തെയോഫിലോസ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളജില്‍ നിന്ന് ബിഎഡ് ബിരുദവും കരസ്ഥമാക്കിയിരുന്നു.
ടാന്‍സാനിയയിലെ മുഫിന്ഡിയില് 1969 ജൂണ്‍ 10ന് ജനിച്ച അദ്ദേഹം ഇറിങ്ങ രൂപതയില്‍ കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ട അഞ്ചു ലക്ഷത്തോളം വിശ്വാസികളുടെ ആറാമത്തെ തദ്ദേശീയ ആത്മീയ പിതാവായാണ് അഭിഷേകം ചെയ്യപ്പെടുന്നത്.
എല്ലാകാര്യങ്ങളിലും വ്യത്യസ്ഥതയും കൃത്യതയും കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരുന്നു ഫാ. റൊമാന്‍സ് എലമു മിഹാലിയെന്നു അദ്ദേഹത്തെ പഠിപ്പിച്ചിരുന്ന മാര്‍ ഈവാനിയോസ് കോളജിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. ജോസ് കുമാര്‍ പറഞ്ഞു. ടാന്‍സാനിയയില്‍ നടക്കുന്ന മെത്രാഭിഷേക ചടങ്ങില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.