തെക്കന്‍ കുരിശുമല തീര്‍ഥാടനം ഒന്നാംഘട്ടം കൊടിയിറങ്ങി
1540526
Monday, April 7, 2025 6:36 AM IST
വെളളറട: തെക്കന്‍ കുരിശുമലയി ലെ 68-ാമത് മഹാതീര്‍ഥാടനം ഒന്നാം ഘട്ടത്തിനു കൊടിയിറങ്ങി. വേനല്‍ മഴയെ അവഗണിച്ചും ഇത്തവണ ലക്ഷക്കണക്കിനു തീര്‍ഥാടകരാണ് ഒഴുകിയെത്തിയത്. രണ്ടാംഘട്ട തീര്‍ഥാടനം പെസഹാ വ്യാഴം, ദുഃഖ വെള്ളി ദിവസങ്ങളിൽ നടക്കും.
ഇന്നലെ രാവിലെ ഒന്പതിനു നടന്ന ആഘോഷമായ തീര്‍ഥാടന പൊന്തിഫിക്കല്‍ ദിവബലിയ് ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റോ മുഖ്യകാര്‍മികത്വം വഹിച്ചു.
സംഗമ വേദിയിലും ആരാധനാചാപ്പലിലും നെറുകയിലും നടന്ന തിരുകര്‍മങ്ങള്‍ക്കു ഡോ. അലോഷ്യസ് സത്യനേശന്, ഫാ. ജസ്റ്റിന് ഫ്രാന്‍സിസ്, ഫാ. അരുണ്‍ കുമാര്‍, ഡോ. ക്രിസ്തുദാസ് തോംസണ്‍, ഫാ. വാനീഷ് മൈക്കിള്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. കുരിശിന്റെ വഴി, വിശുദ്ധ കുരിശിന്റെ നവനാള്‍, ദിവ്യകാരുണ്യ ആരാധന, ദിവ്യകാരുണ്യ ആശീര്‍വാദം, കുമ്പസാരം, കരുണ കൊന്ത എന്നിവയും നടന്നു.
ഉച്ചയ്ക്ക് ഒന്നിനു കുരിശുമല സംഗീത കൂട്ടായ്മ "നിലാവ്' ഒരുക്കിയ ക്രിസ്തീയ സംഗീതാര്‍ച്ചനയ്ക്ക് ജോസ് പ്രകാശ് നേതൃത്വം നല്കി. വൈകുന്നേരം നാലിനു സംഗമ വേദിയില്‍ നടന്ന സമാപന ദിവ്യബലിക്കു നെയ്യാറ്റിന്‍കര രൂപത വികാരി ജനറാൾ മോണ്‍. ഡോ. വിൻസന്റ് കെ. പീറ്ററും നെറുകയില്‍ ഫാ. അജീഷ് ക്രിസ്തുവും ഫാ. ജസ്റ്റിന് ഫ്രാന്‍സിസും കാര്‍മികരായിരുന്നു.
വൈകുന്നേരം 5.30നു നടന്ന സമാപന സമ്മേളനം വെള്ളറട പഞ്ചായത്ത് പ്രസിഡന്റ് എം. രാജമോഹനന് ഉദ്ഘാടനം ചെയ്തു. മോണ്‍. ഡോ. വിന്‍സന്റ് കെ. പീറ്റര്‍ അധ്യക്ഷനായിരുന്നു. വത്സല രാജു, സരള വിന്‍സന്റ്, ജെ. ഷൈന്‍കുമാര്‍, മണി കടയാലുംമൂട് എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി പ്രജിത്ത് സ്വാഗതവും ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി. രാജേന്ദ്രന് നന്ദിയും പറഞ്ഞു. തുടര്‍ന്നു പതാകയിറക്കലും നടന്നു. രാത്രി 7.30നു തിരുവനന്തപുരം ശ്രുതിസാഗര്‍ ഒരുക്കിയ ക്രിസ്തീയസംഗീതാര്ച്ചനയ്ക്ക് ജോസ് സാഗര്‍ നേതൃത്വം നല്കി.