കുക്കിരിപ്പാറ ഇരട്ടക്കൊല: പ്രതിക്ക് ജീവപര്യന്തം
1532281
Wednesday, March 12, 2025 6:26 AM IST
നെയ്യാറ്റിൻകര: മാറനല്ലൂർ കുക്കിരിപ്പാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി മാറനല്ലൂർ മൂലക്കോണം വീട്ടിൽ അരുൺരാജ് എന്ന പ്രകാശി (32)നു നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തടവിൽ 25 വർഷം കഴിഞ്ഞു മാത്രം പരോളും മറ്റും പരിഗണിക്കാവൂ എന്നും ജഡ്ജി എ.എം.ബഷീർ വിധിയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
മാറനല്ലൂർ വില്ലേജിൽ മൂലക്കോണം ഇളംപ്ലാവിള വീട്ടിൽ ചപ്പാത്തി സന്തോഷ് എന്ന സന്തോഷ് (42), പോങ്ങുമൂട് മലവിള റോഡരികത്തു വീട്ടിൽ പക്രു എന്ന സജീഷ് (39) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂലക്കോണം കുക്കിരിപ്പാറ ക്വാറിയിൽ പാറ പൊട്ടിക്കുന്നതു സംബന്ധിച്ച് മരണപ്പെട്ടവരും പ്രതിയും തമ്മിൽ ഉണ്ടായ വിരോധം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
പാറ ക്വാറിയുടെ നടത്തിപ്പുകാരനായ ചപ്പാത്തി സന്തോഷിന്റെ സുഹൃത്താണ് പക്രു സജീഷ്. പ്രതിയും മറ്റു ചിലരും ചേർന്നു പാറ പൊട്ടിക്കുന്നതു സംബന്ധിച്ചു മാറനല്ലൂർ പോലീസിൽ പരാതി നൽകിയിരുന്നു. അതിൽ പ്രകോപിതനായ സന്തോഷ് പ്രതി അരുൺ രാജിനെ മർദിച്ചു. ആ വിരോധമാണ് ഇരട്ട കൊലപാതകത്തിലേയ്ക്കു നയിച്ചത്.
കേസിനാസ്പദമായ കൃത്യം നടന്നത് 2021 ഓഗസ്റ്റ് 14ന് രാത്രി 11.45 മണിക്കായിരുന്നു. സന്തോഷിന്റെ വീട്ടിൽ അന്ന് രാത്രി നടന്ന മദ്യപാന സത്കാരത്തിൽ പ്രതിയും പങ്കെടുത്തു. എന്നാൽ പ്രതി അരുൺ തന്റെ കൈവശം വടിവാള് കരുതിയ വിവരം ആരും ശ്രദ്ധിച്ചിരുന്നില്ല. കൂട്ടുകാർ പിരിഞ്ഞ ശേഷം സന്തോഷിന്റെ വീട്ടുമുറ്റത്തു ഉണ്ടായിരുന്ന പാറ തുരക്കാനുള്ള ജാക്ക് ഹാമറിൽ ഉപയോഗിക്കുന്ന കമ്പികൊണ്ട് പ്രതി ആദ്യം പക്രു സജീഷിന്റെ തലയ്ക്കു പുറകിൽ അടിച്ചു വീഴ്ത്തി.
തുടർന്നു ചപ്പാത്തി സന്തോഷിനേയും പുറം തലയ്ക്കു അടിച്ചു വീഴ്ത്തി. ഉണർന്നെണീക്കാൻ തുടങ്ങിയ സന്തോഷിനെ പ്രതി വടി വാള് കൊണ്ട് പുറംകഴുത്തിനു വെട്ടി മുറിച്ചു മരണം ഉറപ്പിച്ചു. അടികൊണ്ടു തലയ്ക്കു മാരക പരിക്കേറ്റ സന്തോഷും സജീഷും സംഭവ സ്ഥലത്തു മരിച്ചു.
ദൃക് സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളാണ് പ്രോസിക്യൂഷൻ ആശ്രയിച്ചത്. മരിച്ചവർക്കൊപ്പം മദ്യപിച്ച പ്രതിയുടെ വിരലടയാളം, മരണപെട്ട സന്തോഷിന്റെ വീട്ടിലെ ഡൈനിംഗ് ടേബിളിൽ കണ്ട കുപ്പി ഗ്ലാസുകളിൽ ഒന്നിൽ നിന്നും വേർതിരിച്ചെടുക്കാൻ സയൻറ്റിഫിക്ക് വിദഗ്ദനു കഴിഞ്ഞിരുന്നു.
പിടിവലിക്കിടയിൽ പ്രതിയുടെ ഷർട്ടിന്റെ കീറിയ പോക്കറ്റ് അടങ്ങുന്ന തുണിക്കഷണം കൃത്യ സ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തു. കൃത്യം കഴിഞ്ഞ ശേഷം പ്രതി അയാളുടെ വീട്ടിൽ മടങ്ങി എത്തി ആത്മഹത്യാ തയാാറെടുപ്പിനായി വീടിന്റെ ഉത്തരത്തിൽ കയർ കൊണ്ടുള്ള കുരുക്ക് തയാാറാക്കിയിരുന്നു.എന്നാൽ ആത്മഹത്യാശ്രമം ഉപേക്ഷിച്ച പ്രതി കൃത്യ സമയം ഉപയോഗിച്ച വടിവാൾ മണൽ കൂമ്പാരത്തിൽ ഒളിപ്പിച്ചു വച്ചു.
രക്തം പുരണ്ട പാന്റും ഷർട്ടും വീട്ടിൽ മറവു ചെയ്തു. തുടർന്നു പുതിയ വേഷം ധരിച്ച പ്രതി അരുൺരാജ് മാറനല്ലൂർ പോലീസ് സ്റ്റേഷനിൽ വെളുപ്പിനു കീഴടങ്ങുകയായിരുന്നു. പ്രതിയെ കൊണ്ടുള്ള തെളിവെടുപ്പു നേരത്തു കൃത്യ സമയം ധരിച്ചിരുന്ന വസ്ത്രങ്ങളും ആയുധവും ആത്മഹത്യയ്ക്കായി തയാറാക്കിയ പ്ലാസ്റ്റിക് കയർ കുരുക്കും പോലീസ് കണ്ടെടുത്ത് കോടതിയിൽ ഹാജരാക്കിയിരുന്നു.
കൃത്യ സ്ഥലത്തുനിന്നും കണ്ടെടുത്ത തുണിക്കഷണം കുറ്റകൃത്യം നടത്തിയ സമയം ധരിച്ചിരുന്ന ഷർട്ടിന്റെതാണെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. കൂടാതെ ആയുധത്തിലും പ്രതി കൃത്യ സമയം ധരിച്ചിരുന്ന മുണ്ടിലും ഷർട്ടിലും ചെരുപ്പുകളിലും സന്തോഷിന്റെയും സജീഷിന്റെയും രക്തം പുരണ്ടിരുന്നതു തെളിയിക്കപ്പെട്ടു.
കേരളാ പോലീഡിലെ "ജൂഡി' എന്ന പോലീസ് നായ മണം പിടിച്ചു സംഭവസ്ഥലത്തു നിന്നും പ്രതിയുടെ വീടു വരെ പോയിരുന്നു. ഡോഗ് സ്ക്വാഡിലെ പോലീസ് സാക്ഷികളെ കോടതിയിൽ സാക്ഷിയായി വിസ്തരിച്ചു.
വിരലടയാള വിദഗ്ദ്ധൻ വിഷ്ണു കെ. നായർ, സയന്റിഫിക് എക്സ്പേർട്ട് ജിഷ, സിന്ധു മോൾ എന്നിവരുടെ റിപ്പോർട്ടുകൾ കേസിൽ നിർണായക തെളിവായി. കോടതിയിൽ നടന്ന തെളിവെടുപ്പു നേരം കൃത്യത്തിനു ഉപയോഗിച്ച ആയുധങ്ങളുടെ ആപേക്ഷികത സംബന്ധിച്ച് സന്തോഷിന്റെയും സജീഷിന്റെയയും ശവശരീരങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയ ഡോ. ഷാരിജ, ഡോ. ശാലിനി എന്നവർ കോടതിയിൽ നൽകിയ മൊഴികൾ തെളിവായി സ്വീകരിക്കപ്പെട്ടു.
മാറനല്ലൂർ പോലീസ് ഇൻസ്പെക്ടർമാരായ ജെ.ആർ. രഞ്ജിത് കുമാർ, തൻസീം അബ്ദുൾ സമദ് എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ ഹാജരാക്കിയത്. കേസിൽ പ്രോസിക്യൂഷൻ ഭാഗം 52 സാക്ഷികളെ വിസ്തരിച്ചു. 67 രേഖകൾ ഹാജരാക്കി കൂടാതെ കേസിൽ പെട്ട 48 വസ്തു വകകൾ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ. അജികുമാർ, അഡ്വ. മഞ്ജിതഎന്നിവർ കോടതിയിൽ ഹാജരായി. പോലീസ് ലൈസൺ ഓഫീസർ മാരായി സബ് ഇൻസ്പെക്ടർ മോഹനൻ, എ എസ് ഐ ശ്രീകല എന്നിവർ പങ്കെടുത്തു.