ആറ്റുകാലിലേക്ക് ഭക്തരുടെ ഒഴുക്ക്
1531687
Monday, March 10, 2025 6:59 AM IST
പാപ്പനംകോട് രാജന്
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അവധി ദിവസമായ ഇന്നലെ ഭക്തര്‍ ദേവീദര്‍ശനത്തിനായി ഒഴുകിയെത്തി. പുലര്‍ച്ചെ മുതല്‍ ഭക്തരുടെ നീണ്ട നിര നടപ്പന്തലും കവിഞ്ഞു. പോലീസും വോളണ്ടിയര്‍മാരും വളരെ ബുദ്ധിമുട്ടിയാണ് ഭക്തരെ നിയന്ത്രിച്ചത്.
ആറ്റുകാലിലേയ്ക്കുള്ള വഴികളെല്ലാം ഭക്തരുടെ വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു. രാവിലെ ആരംഭിക്കുന്ന അന്നദാനത്തിനും നീണ്ട നിരയായിരുന്നു. രാത്രിയിലും വിളക്കുകെട്ട് കാണാനും ദീപാരാധന തൊഴാനും നിരവധി ഭക്തരാണ് എത്തുന്നത്.
രാത്രി നടക്കുന്ന കലാപരിപാടികള്‍ കാണാനും നിരവധി പേരെത്തുന്നുണ്ട്, ക്യൂ നിന്ന് ദര്‍ശനം സാധ്യമാകാത്തവര്‍ തോറ്റം പാട്ട് നടക്കുന്ന പന്തലിന് മുന്നില്‍ നിന്നും ദേവിയെ തൊഴുത് മടങ്ങുകയാണ്.
ക്ഷേത്രത്തിനുമുന്നിലെ നടപന്തലില്‍ നാരങ്ങാവിളക്ക് കത്തിക്കുന്ന ഭക്തജനങ്ങളും ഏറെയാണ്. പൊങ്കാലയ്ക്ക് പങ്കെടുക്കാന്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നും എത്തി ക്ഷേത്ര പരിസരത്ത് കാത്തിരിക്കുകയാണ്.
പൊങ്കാലയെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ക്ഷേത്ര പരിസരവും സമീപ പ്രദേശങ്ങളും. ക്ഷേത്ര പരിസരത്തെ പല വീടുകളിലും പൊങ്കാലയിടുന്നതിനായി ചുടു കട്ട നിരത്തി ഇപ്പോഴേ സ്ഥാനം പിടിച്ചിരിക്കുകയാണ്.
ക്ഷേത്ര പരിസരത്തെ വീടുകളില്‍ ദൂരെ സ്ഥലങ്ങളിലുള്ള ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പൊങ്കാല ഉത്സവത്തിനായി എത്തി തുടങ്ങി.
പൊങ്കാലയ്ക്ക് ആവശ്യമായ കലങ്ങളും കൊതുമ്പും ചൂട്ടും ചുടുകട്ട തുടങ്ങിയവയുടെ വില്പനയും തകൃതിയായി നടക്കുകയാണ്.